| Tuesday, 11th November 2025, 6:48 pm

ഇനി കളികള്‍ ബോളിവുഡില്‍, ഒപ്പം ഹിന്ദി റീമേക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ പല നേട്ടങ്ങളും തന്റെ കൈപ്പിടിയിലൊതുക്കിയ താരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെയും സ്വന്തമാക്കി. എന്നാല്‍ ഈ വര്‍ഷം മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്ന താരം അടുത്ത വര്‍ഷം പാന്‍ ഇന്ത്യനാകുമെന്നുള്ള സൂചന സമ്മാനിച്ചിരിക്കുകയാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹയ്‌വാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞദിവസം മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒപ്പത്തിന്റെ റീമേക്കായാണ് ഒരുങ്ങുന്നത്. 2016ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഒപ്പം ഒമ്പത് വര്‍ഷത്തിന് ശേഷം റീമേക്ക് ചെയ്യപ്പെടുകയാണ്.

ഒറിജിനല്‍ അതേപടി പകര്‍ത്താതെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും റീമേക്ക് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രം ഹിന്ദിയില്‍ ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

സെയ്ഫും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം എന്തായിരിക്കുമെന്നാണ് പലരുടെയും ചോദ്യം. രണ്ടാഴ്ചത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഹയ്‌വാന് വേണ്ടി നല്കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ബോളിവുഡിലേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഹയ്‌വാന്‍. 2012ല്‍ പുറത്തിറങ്ങിയ ടെസ്സിലാണ് മോഹന്‍ലാല്‍ അവസാനമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിലെ കഥയില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും അത് എന്തൊക്കെയാണെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടില്ല. കുറച്ചുകാലമായി റീമേക്കുകള്‍ അത്രകണ്ട് വാഴാത്ത ബോളിവുഡില്‍ ഒപ്പത്തിന്റെ റീമേക്ക് എങ്ങനെ സ്വീകരിക്കപ്പെടുമെന്നും പലരും ചിന്തിക്കുന്നുണ്ട്. ബോളിവുഡില്‍ ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ ഇത്തവണ നിരാശപ്പെടുത്തില്ലെന്നാണ് കണക്കുകൂട്ടല്‍.

ഹയ്‌വാന് ശേഷം ദൃശ്യം 3യുടെ ഷൂട്ടിലേക്ക് മോഹന്‍ലാല്‍ കടക്കും. നവംബര്‍ അവസാനത്തോടെ ദൃശ്യം 3 പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ പിന്നീട് വിസ്മയയുടെ തുടക്കത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് നാരായണന്റെ പാട്രിയറ്റിന് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ഓസ്റ്റിന്‍ ഡാന്‍ ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Mohanlal Joins the sets of Haiwaan directed by Priyadarshan

We use cookies to give you the best possible experience. Learn more