2027ല്‍ ഒരുപിടി ഗംഭീര പ്രൊജക്ടുകളുമായി കളംനിറയാനൊരുങ്ങുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. സൗഹൃദത്തിന്റെ പുറത്ത് ഇനി സിനിമകള്‍ ചെയ്യില്ലെന്ന് അടുത്തിടെ പറഞ്ഞ താരം ഇപ്പോള്‍ പുതിയ സംവിധായകരുമായി കൈകോര്‍ക്കുകയാണ്. തുടരുമിലൂടെ തരുണ്‍ മൂര്‍ത്തിയുമായി ഒന്നിച്ച മോഹന്‍ലാല്‍ പിന്നീട് ദിലീഷ് പോത്തനൊപ്പവും സിനിമ ചെയ്യുകയാണ്.
ഇപ്പോഴിതാ ഈ രണ്ട് പേര്‍ക്ക് പിന്നാലെ ജൂഡ് ആന്തണി ജോസഫിനൊപ്പവും മോഹന്‍ലാല്‍ കൈകോര്‍ക്കുകയാണ്. മകള്‍ വിസ്മയ മോഹന്‍ലാലിന്റെ ആദ്യചിത്രമൊരുക്കിയ ജൂഡിനൊപ്പം താന്‍ സിനിമ ചെയ്യുന്നു എന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. അടുത്തവര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെയ്ത എല്ലാ സിനിമകളും ഹിറ്റാക്കിയ മലയാളത്തിലെ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി. വിസ്മയയെ നായികയാക്കി ഒരുക്കിയ തുടക്കം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ ഇഷ്ടനടനെ ഗംഭീരമായി തന്നെ ജൂഡ് അവതരിപ്പിച്ചത് ആരാധകര്‍ക്ക് വിരുന്നായി.
തുടക്കത്തില്‍ ഒരൊറ്റ സീനില്‍ മോഹന്‍ലാലിനെ മികച്ച രീതിയില്‍ അവതരിപ്പിച്ച ജൂഡ് മുഴുനീള സിനിമയില്‍ ഇഷ്ടതാരത്തെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ആശീര്‍വാദ് സിനിമാസ് തന്നെയാകും ഈ പ്രൊജക്ടും നിര്‍മിക്കുന്നത്. 2027ല്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഷെഡ്യൂള്‍ കൂടിയാണ് ചിത്രത്തിന് ബാക്കിയുള്ളത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
ഇതിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിളിലേക്കാകും താരം കടക്കുക. ലാലേട്ടന്‍- പോത്തേട്ടന്‍ കോമ്പോ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെയാകും നെടുങ്കണ്ടം മിറാക്കിള്‍ തിയേറ്ററുകളിലെത്തുക. പുതിയ സംവിധായകര്‍ ബ്രാന്‍ഡ് Lനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Mohanlal joining hands with Jude Anthony Joseph