| Saturday, 11th July 2026, 2:44 pm

പൃഥ്വിരാജിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു; കാലം കിടക്കുവല്ലേ എന്ന് മറുപടി പറഞ്ഞു: മണിയന്‍പിള്ള രാജു

ആര്യ.പി

അമ്മയുടെ നിലവിലെ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു. അമ്മയില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വിഷമമുണ്ടെന്നും സംഘടന നിന്നുപോകരുതെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂവെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

യുവതലമുറയിലെ താരങ്ങളാരും മീറ്റിങ്ങിന് പോലും വരാറില്ലെന്നും പൃഥ്വിരാജിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോയെന്ന് മോഹന്‍ലാല്‍ തന്നെ ഒരിക്കല്‍ ചോദിച്ചിരുന്നെന്നും മണിയന്‍ പിള്ള രാജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘അമ്മയിലെ വിഷയം ഒരുപാട് പേര്‍ സംസാരിച്ച് കുളമാക്കി വെച്ചിട്ടുണ്ട്. അതില്‍ ഞാന്‍ കൂടുതല്‍ സംസാരിക്കുന്നില്ല. പിന്നെ തീര്‍ച്ചയായും വിഷമമുണ്ട്. അതെനിക്ക് മാത്രമല്ല, മോഹന്‍ലാലിനൊക്കെ വിഷമമുണ്ട്.

അദ്ദേഹമൊക്കെ എത്രയോ രാത്രികള്‍ ഉറക്കമുളച്ചും ഷൂട്ടിങ്ങുകള്‍ മാറ്റിവെച്ചും റിഹേഴ്‌സല്‍ ചെയ്ത് കഷ്ടപ്പെട്ട് എത്രയോ ഷോ ചെയ്താണ് ഫണ്ടുണ്ടാക്കിയതും ബില്‍ഡിങ് ഉണ്ടാക്കിയതും കാര്യങ്ങള്‍ നടന്നുപോയതും എല്ലാം.

നമുക്ക് എല്ലാവര്‍ക്കും ഭയങ്കര വിഷമമുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല എന്നേയുള്ളൂ. ഇപ്പോള്‍ ന്യൂ ജെന്‍ കാലമാണല്ലോ. നമ്മള്‍ ഒന്നും പറയുന്നില്ല. എനിക്ക് ഇത് നിന്നുപോകരുതെന്ന് ആഗ്രഹമുണ്ട്. വേറൊന്നുമല്ല ഞാനൊന്നും കൈനീട്ടം പോലും വാങ്ങിക്കുന്നില്ല.

എന്നേക്കാളും അത്യാവശ്യമുള്ളവരും അര്‍ഹതയുള്ളവരും ധാരാളമുണ്ട്. ഒരു ടാര്‍ഗറ്റോടുകൂടി വന്ന് ഇത് തകര്‍ക്കാന്‍ നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇവിടെ നിന്നും ഒന്നാം തിയതി 5000 രൂപ കിട്ടുന്നവരുണ്ട്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ നമ്മളെ വിളിച്ച് സങ്കടം പറയും. അവര്‍ക്ക് പടമൊന്നും ഇല്ല. വേറെ തൊഴിലിനും പോകാന്‍ പറ്റില്ല. ഒരുപാട് പേര്‍ക്ക് മരുന്ന് കിട്ടുന്നതാണ്. ഇന്‍ഷുറന്‍സ് അതെല്ലാം നിന്നുപോകുമോ എന്ന സങ്കടമാണ്. മോഹന്‍ലാലിനും ഭയങ്കര സങ്കടമാണ്. പുള്ളിക്ക് ഇത് നശിച്ചുപോകുന്നത് ഇഷ്ടമല്ല, മണിയന്‍ പിള്ള രാജു പറഞ്ഞു.

അമ്മയിലേക്കുള്ള മോഹന്‍ലാലിന്റെ തിരിച്ചുവരവ് കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് പുള്ളിയൊക്കെ പോയപ്പോള്‍ തന്നെ ഇതിന്റെ ഉയിരങ്ങ് പോയില്ലെയെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. ‘ഇന്നസെന്റ് 18 കൊല്ലം ഇരുന്നു. മോഹന്‍ലാല്‍ ഇരുന്നു. പുള്ളിക്കൊക്കെ ഒരു വാശിയായിരുന്നു. ഷോ ചെയ്യണം പൈസ ഉണ്ടാക്കണം അപ്പുറത്തെ സ്ഥലം കൂടി അമ്മയ്ക്ക് വാങ്ങിച്ചെടുക്കണം എന്നൊക്കെ,’ അദ്ദേഹം പറഞ്ഞു.

മമ്മൂക്ക എന്തുകൊണ്ടാണ് വരാത്തത് എന്ന ചോദ്യത്തിന് പുള്ളിയുടെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹത്തിന് ഏതെങ്കിലും സ്ഥാനത്തിരിക്കണമെന്ന താത്പര്യമില്ലെന്നുമായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മറുപടി. ഭരണത്തിലിരിക്കുന്നവര്‍ തന്നെ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്മ സംഘടന തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവര്‍ ഇങ്ങനെ തമ്മിലടിച്ച് ഇനി എന്തുസംഭവിക്കുമെന്ന് അറിയില്ല. ഒരുപാട് പേര്‍ക്ക് ഗുണമുള്ള സംഭവമാണ്. അത് ഇല്ലാതാക്കരുത്.

അമ്മയെ പുതിയ തലമുറയ്ക്ക് കൊടുക്കുകയാണോ എന്ന ചോദ്യത്തിന് പുതിയ തലമുറ അതിന് അവിടേക്ക് വരുന്നു പോലുമില്ലല്ലോ എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി.

ഒരു മീറ്റിങ്ങിന് പോലും അവര്‍ വരുന്നില്ല. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഒരൊറ്റ ഹീറോസില്ല. ന്യൂ ജനറേഷനില്‍ നിന്ന് ആകെ വന്നത് അജു വര്‍ഗീസ് മാത്രമാണ്. വേറെ ഹീറോസോ ഹീറോയിന്‍സോ വന്നില്ല. പിന്നെ എന്തുചെയ്യും.

ഒരിക്കല്‍ പൃഥ്വിരാജിനോട് മോഹന്‍ലാല്‍ ചോദിച്ചു, അമ്മയുടെ പ്രസിഡന്റ് ആകാമോ എന്ന്. ഇല്ല ഏട്ടാ നമ്മളുടെയൊക്കെ കാലം കിടക്കുകയല്ലേ മുന്നോട്ട്. പിന്നെ എപ്പോഴെങ്കിലും ആവാം. ഇപ്പോള്‍ ബാക്കിയുള്ളവര്‍ വരട്ടെയെന്ന് പറഞ്ഞു.

18 കൊല്ലം ഞാന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. പിന്നെ ഞാന്‍ നിന്നിട്ടില്ല. അത് വേറൊരു മെനക്കേടാണ്. ഇവിടുന്ന് ഡീസലടിച്ച് അവിടെ വരെ പോകണം. ഹോട്ടലില്‍ താമസിക്കണം. ഒരു പൈസയും അമ്മയില്‍ നിന്ന് വാങ്ങിക്കില്ല. ഒരു മീറ്റിങ്ങിന് പോയി വരുമ്പോഴേക്കും 20000 രൂപ കയ്യില്‍ നിന്ന് പോകും. അപ്പോള്‍ എറണാകുളത്തും അടുത്തുമുള്ളവര്‍ വരട്ടെയെന്ന് കരുതി ഞാന്‍ സ്വയം മാറിയതാണ്. പിന്നെ സ്ത്രീകളുടെ ടീം വന്ന ശേഷം ആരും ഒന്നിനും വിളിച്ചിട്ടില്ല. അവര്‍ തന്നെ ഭരിക്കട്ടെ. അവര്‍ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. ബുദ്ധിയുള്ളവരല്ലേ ചെയ്യട്ടെ,’ മണിയന്‍ പിള്ള രാജു പറഞ്ഞു.

Content Highlight: Mohanlal had asked Prithviraj if he would consider taking up the position of AMMA president says maniyanpilla Raju

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more