2025ല്‍ ദൃശ്യം 3യിലൂടെ മോളിവുഡിലെ അഞ്ചാമത്തെ 200 കോടി ചിത്രം സമ്മാനിച്ച് ബോക്‌സ് ഓഫീസില്‍ തന്റെ സ്ഥാനം വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള അതിമനോഹരവും ഈ വര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
അടുത്തവര്‍ഷവും ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടാന്‍ സാധ്യതയുള്ള പ്രൊജക്ടുകളാണ് മോഹന്‍ലാലിന്റെ ലൈനപ്പിലുള്ളത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ ഗംഗയാണ് ഇതില്‍ ആദ്യത്തേത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ജോര്‍ജിയയില്‍ പുരോഗമിക്കുകയാണ്.
മോഹൻലാൽ. Photo. Screen grab/ Youtube
അടുത്ത അഞ്ച് മാസം കൊണ്ട് രണ്ട് സിനിമകള്‍ പൂര്‍ത്തിയാക്കാനാണ് മോഹന്‍ലാല്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ 10 വരെ ജോര്‍ജിയയില്‍ ഓപ്പറേഷന്‍ ഗംഗയുടെ ഷൂട്ടില്‍ മോഹന്‍ലാല്‍ ഭാഗമാകും. തിരിച്ചെത്തിയ ശേഷം അധികം വൈകാതെ അനൂപ് സത്യനൊപ്പമുള്ള പ്രൊജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി 30 ദിവസം ഈ പ്രൊജക്ടിനായി താരം മാറ്റിവെക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബറില്‍ വീണ്ടും ഓപ്പറേഷന്‍ ഗംഗയുടെ അടുത്ത ഷെഡ്യൂളില്‍ താരം ജോയിന്‍ ചെയ്യും. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോര്‍ജിയക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ചിത്രത്തിന്റെ ഷൂട്ടുണ്ട്. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി കേന്ദ്ര സേന നടത്തിയ രക്ഷാദൗത്യമായിരുന്നു ഓപ്പറേഷന്‍ ഗംഗ.
വന്‍ താരനിരയും അതിനൊത്ത ടെക്‌നിക്കല്‍ ക്രൂവുമാണ് ചിത്രത്തിനുള്ളത്. ധുരന്ധറിന് സംഗീതം നല്‍കിയ ശാശ്വത് സച്ച്‌ദേവും ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത സീ യോങ് ഓയുമാണ് ഓപ്പറേഷന്‍ ഗംഗയിലുള്ളത്. അര്‍ജുന്‍ റാംപാല്‍, ഭാഗ്യശ്രീ ബോര്‍സെ, പാര്‍ത്ഥിബന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. മോഹന്‍ലാലിന് പുറമെ മുകേഷ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നെടുങ്കണ്ടം മിറാക്കിള്‍, ജൂഡ് ആന്തണി ജോസഫുമൊത്തുള്ള പ്രൊജക്ട് എന്നിവയും മോഹന്‍ലാലിന്റെ ലൈനപ്പിനെ കൂടുതല്‍ ഗംഭീരമാക്കുന്നു.
Content Highlight: Mohanlal going to do busy Schedule with Operation Ganga and Anoop Sathyan project