| Thursday, 27th November 2025, 4:11 pm

കൊലച്ചതിയായി പോയി ആന്റണി ചേട്ടാ, ദൃശ്യം 3യുടെ റൈറ്റ്‌സ് ബോളിവുഡിന് നല്കിയതില്‍ വിമര്‍ശനവുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ മുഴുവന്‍ പൊട്ടന്‍ഷ്യലും ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ചിത്രമായാണ് ദൃശ്യം 3യെ കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 2026 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച വാര്‍ത്തയാണ് പുറത്തുവന്നത്. ദൃശ്യം 3യുടെ വേള്‍ഡ്‌വൈഡ് തിയേറ്റര്‍ റൈറ്റ്‌സും ഡിജിറ്റല്‍ റൈറ്റ്‌സും ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുകയാണ്. പനോരമ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Panorama Studios/ Copied from Panorama Studios X

ഇതോടെ മോഹന്‍ലാല്‍ ആരാധകരില്‍ പലരും നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ദൃശ്യം 3 എപ്പോള്‍ പുറത്തിറക്കണമെന്ന തീരുമാനം ബോളിവുഡിന് തീറെഴുതിക്കൊടുത്തെന്നാണ് പലരും ആരോപിക്കുന്നത്. കൈയിലുള്ള സിനിമയുടെ റേഞ്ച് അറിയാതെ പൈസക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നടത്തിയ നീക്കമാണിതെന്നും ചിലര്‍ ആരോപിക്കുന്നു.

‘കൊലച്ചതിയായി പോയി ആന്റണി ചേട്ടാ’, ‘കാശുണ്ടാക്കാനായി ഇങ്ങനെ ചെയ്യണമായിരുന്നോ’, ‘ഹിന്ദി വേര്‍ഷന്‍ ഹിറ്റായതിന് ശേഷമേ ഇനി മലയാളം ഇറങ്ങാന്‍ സാധ്യതയുള്ളൂ’ എന്നിങ്ങനെയാണ് ആശീര്‍വാദ് സിനിമാസിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍. ഹിന്ദി വേര്‍ഷന്‍ ആദ്യം റിലീസായി റീച്ച് നേടുമെന്നും പിന്നാലെയിറങ്ങുന്ന മലയാളം വേര്‍ഷനെ ആരും ശ്രദ്ധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

നോര്‍ത്ത് ഇന്ത്യന്‍ സിനിമാപേജുകളില്‍ ഇപ്പോഴും അജയ് ദേവ്ഗണിന്റെ ദൃശ്യമാണ് ഒറിജിനലെന്നാണ് പലരും വാദിക്കുന്നത്. ഇപ്പോള്‍ മൂന്നാം ഭാഗം ആദ്യം ഹിന്ദിയില്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത് സത്യമാണെന്ന് പലരും കരുതുമെന്നും ആരാധകര്‍ ആകുലപ്പെടുന്നുണ്ട്. പനോരമ സ്റ്റുഡിയോസ് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ സിനിമകള്‍ക്കെതിരെ സിനിമാപേജുകളില്‍ ഈയിടെ പരാതിയുയര്‍ന്നിരുന്നു.

കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ഷൈത്താന്‍ എന്ന ചിത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഗുജറാത്തി ചിത്രമായ വശിന്റെ റീമേക്കായിരുന്നു ഷൈത്താന്‍. തന്റെ സിനിമക്ക് റീച്ച് ലഭിക്കാന്‍ വേണ്ടി വശിന്റെ ഒ.ടി.ടി റിലീസ് പനോരമ സ്റ്റുഡിയോസ് തടഞ്ഞുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. അജയ് ദേവ്ഗണിന്റെ മാനേജറായ കുമാര്‍ മങ്കാദ് പാഥകാണ് പനോരമ സ്റ്റുഡിയോസിന്റെ ഉടമ.

Panorama Studios/ IMDB

വശിനും അതിന്റെ രണ്ടാം ഭാഗത്തിനും സംഭവിച്ച അതേ കാര്യം ദൃശ്യം 3ക്കും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ആദ്യം മുതല്‌ക്കേ ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് ആദ്യം പുറത്തിറക്കാന്‍ പനോരമ സ്റ്റുഡിയോസ് ശ്രമിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് തുടങ്ങാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് ആശീര്‍വാദ് സിനിമാസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളം പതിപ്പിന്റെ തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ ബോളിവുഡ് സ്വന്തമാക്കിയതിനാല്‍ എന്ത് നടക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Mohanlal Fans criticizing Antony Perumabvoor for Drishyam 3 rights selling

We use cookies to give you the best possible experience. Learn more