മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകന്‍മാരിലൊരാളായ ഷാജി കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ അന്തരിച്ച ഷാജി കുമാറിന്, മോഹന്‍ലാല്‍ അനുശോചനം അറിയിച്ചത്.
ഷാജി കുമാറിന്റെ അകാലത്തെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണെന്നും നരന്‍, പുലിമുരുകന്‍, ഒടിയന്‍ തുടങ്ങി അവസാനമായി ചെയ്ത അതിമനോഹരം വരെ തന്റെ ഒപ്പം ഷാജി ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജിയെന്നും സ്‌നേഹവും സൗഹൃദവും എക്കാലത്തും തങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നുവെന്നും വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ ഷാജി കുമാറിനൊപ്പം. Photo: X.com
പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ ശിഷ്യനായി സിനിമയിലെത്തിയ ഷാജി കുമാര്‍ 2001ല്‍ പുറത്തിറങ്ങിയ ‘ഉത്തമന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി, ഷാജി കൈലാസ്, വിനയന്‍, വൈശാഖ്, എം. പത്മകുമാര്‍ തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
നരന്‍, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, ബാബാ കല്യാണി, നസ്രാണി, റോബിന്‍ഹുഡ്, പോക്കിരിരാജ, മല്ലുസിങ്, റിങ് മാസ്റ്റര്‍, ഒടിയന്‍, മധുരരാജ, പത്തൊന്‍പതാം നൂറ്റാണ്ട്, തുടരും തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളില്‍ ഉള്‍പ്പെടുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ഷാജി കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Content Highlight: Mohanlal expresses grief on demise of cinematographer Shaji Kumar