| Wednesday, 10th December 2025, 8:15 am

ലാലിന് വേറെ പണിയൊന്നുമില്ലേ, ബിഗ് ബോസ് ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്, അതിനുള്ള മറുപടി... മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്ത് നാലര പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ഇല്ല. അഭിനയത്തിന് പുറമെ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും അദ്ദേഹം കഴിഞ്ഞ കുറച്ച് കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ഏഴ് സീസണിലും മോഹന്‍ലാല്‍ തന്നെയായിരുന്നു അവതാരകന്‍.

ജിയോ ഹോട്‌സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ടില്‍ മോഹന്‍ലാല്‍ Photo: Screen grab/ THI cinemas

കഴിഞ്ഞദിവസം ജിയോ ഹോട്‌സ്റ്റാര്‍ സംഘടിപ്പിച്ച സൗത്ത് അണ്‍ബൗണ്ടില്‍ മോഹന്‍ലാലും പങ്കെടുത്തിരുന്നു. മോഹന്‍ലാലിന് പുറമെ തെലുങ്ക് വേര്‍ഷന്റെ അവതാരകനായ നാഗാര്‍ജുനയും തമിഴ് വേര്‍ഷന്റെ അവതാരകന്‍ വിജയ് സേതുപതിയുമുണ്ടായിരുന്നു. ബിഗ് ബോസ്സിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘പലരും എന്നോട് ചോദിക്കാറുണ്ട് ലാലിന് വേറെ പണിയൊന്നുമില്ലേയെന്ന്. എന്താണ് കാര്യമെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ബിഗ് ബോസിന്റെ കാര്യമാണ്. അതിന് ഒരു മറുപടിയേ ഉള്ളൂ. ഞാനൊരു പെര്‍ഫോമറാണ്. ഞാനെന്ന എന്റര്‍ടൈനര്‍ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണത്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഈ ബിഗ് ബോസില്‍ വരുന്ന ആള്‍ക്കാരില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നു.

ബിഗ് ബോസില്‍ മോഹന്‍ലാല്‍ Photo: Screen grab/ Jio Hotstar

ഹ്യൂമന്‍ ഇമോഷന്‍സെല്ലാമുള്ള മൈന്‍ഡ് ഗെയിമാണ് ബിഗ് ബോസ്. അത് ഹോസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഈ പരിപാടി സ്‌ക്രിപ്റ്റഡാണെന്നൊക്കെ പലരും ആരോപിക്കാറുണ്ട്. പക്ഷേ, അങ്ങനെയൊന്നുമല്ല. ഇതിന്റെ ഉള്ളിലെ രഹസ്യങ്ങളെല്ലാം എനിക്ക് നന്നായി അറിയാം. നല്ല പാടാണ് ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകാന്‍,’ മോഹന്‍ലാല്‍ പറയുന്നു.

ബിഗ് ബോസില്‍ ചേരണമെന്ന് പലരും പറയുന്നത് കേള്‍ക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും നല്ല പ്രയാസമുള്ള പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം സ്വഭാവം എന്താണെന്ന് ഒളിപ്പിച്ചുവെക്കാനാകാത്ത പരിപാടിയാണ് ബിഗ് ബോസെന്നും മോഹന്‍ലാല്‍ പറയുന്നു.

ബിഗ് ബോസില്‍ മോഹന്‍ലാല്‍ Photo: Screen grab/ Jio Hotstar

‘നിങ്ങളുടെ എല്ലാ ഇമോഷനുകളും പുറത്തുകാണിച്ചേ പറ്റുള്ളൂ. എത്ര കണ്‍ട്രോള്‍ ചെയ്താലും ഒരുദിവസം നിങ്ങള്‍ക്ക് അതെല്ലാം പുറത്തുകാണിക്കേണ്ടി വരും. നിങ്ങളുടെ മനസിന്റെ റിഫ്‌ളക്ഷനാണ് ഈ ഷോ. നമ്മുടെ ഉള്ളിലുള്ള സത്യത്തെ റിഫൈന്‍ ചെയ്‌തെടുക്കാനും ഈ ഷോയിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal explains why he hosting Bigg Boss reality show

We use cookies to give you the best possible experience. Learn more