മലയാളത്തിന്റെ മമ്മൂട്ടിയുടെ സുഖവിവരമാണ് സോഷ്യല്‍ മീഡിയയെ കഴിഞ്ഞവര്‍ഷം ആനന്ദത്തിലാക്കിയത്. ആറ് മാസത്തോളമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം ഇടവേളയെടുത്തത്. എന്നാല്‍ അസുഖമെല്ലാം മാറി മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നു.
പിന്നാലെ സന്തോഷമറിയിച്ച് കേരളത്തിലെ കലാ- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ പലരും സന്തോഷം പങ്കുവെച്ചു. മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത പോസ്റ്റും വലിയരീതിയില്‍ ചര്‍ച്ചയായി. മമ്മൂട്ടി അസുഖബാധിതനായ സമയത്ത് ശബരിമലയില്‍ പോയ മോഹന്‍ലാല്‍ അദ്ദേഹത്തിനായി വഴിപാട് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് എല്ലാവരും ചെയ്യുന്ന കാര്യമാണെന്ന് പറയുകയാണ് മോഹന്‍ലാല്‍.
‘അടുപ്പമുള്ള രണ്ടുപേര്‍ എങ്ങനെയാകണമെന്ന് ഞാന്‍ കാണിച്ചുതരേണ്ട ആവശ്യമില്ലല്ലോ, നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ള ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം? അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേര്‍ അതിനെ തെറ്റിദ്ധരിക്കാനുള്ള സാഹചര്യമുണ്ടാക്കി. അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.
ഒരാളെ സ്‌നേഹിക്കാനോ, അയാള്‍ക്ക് വേണ്ടി എന്തെങ്കിലും പറയാനോ ചിന്തിക്കാനോ വേണ്ടി റിലീജിയണ്‍ നോക്കേണ്ട ആവശ്യമൊന്നുമില്ല, സിനിമയില്‍ അങ്ങനെയൊന്നുമില്ല. നമ്മള്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ മതം നോക്കിയാണോ ചെയ്യുന്നത്? അല്ലല്ലോ. എന്തായാലും ഇപ്പോള്‍ വളരെയധികം സന്തോഷമുണ്ട്.
അദ്ദേഹത്തോട് ഞാന്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. കാര്‍മേഘം മാറിയതുപോലെ മാറിയിട്ട് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കുകയാണ്. വീണ്ടും എന്റെ കൂടെയാണ് അദ്ദേഹം അഭിനയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന സിനിമയില്‍ ഒന്നിച്ചുള്ള കുറച്ച് പോര്‍ഷന്‍ ബാക്കിയുണ്ട്, അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടി തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. എല്ലാദിവസവും താന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും ആ പ്രാര്‍ത്ഥന ദൈവം കേട്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മാത്രമല്ല, ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അതെല്ലാം ഫലം കണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ന്യൂസ് 18 മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Mohanlal explains about the offering he did for Mammootty