| Thursday, 11th September 2025, 6:37 pm

കണ്ണപ്പക്ക് ശേഷം അടുത്ത തെലുങ്ക് സിനിമയുമായി മോഹന്‍ലാല്‍, വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ തന്റെ സിംഹാസനം മോഹന്‍ലാല്‍ തിരിച്ചുപിടിച്ച വര്‍ഷമാണ് 2025. കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും പഴികേട്ട മോഹന്‍ലാല്‍ അതെല്ലാം പലിശസഹിതം ഈ വര്‍ഷം വീട്ടുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി തന്റെ സ്റ്റാര്‍ഡം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ അന്യഭാഷയിലും മോഹന്‍ലാല്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വന്‍ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. കണ്ണപ്പക്ക് ശേഷം മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് വൃഷഭ.

നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭയില്‍ നായകതുല്യമായ വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പീരിയോഡിക് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 2023ലാണ് അനൗണ്‍സ് ചെയ്തത്. മുംബൈ, യു.കെ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് വൃഷഭയുടെ ഷൂട്ട് പൂര്‍ത്തിയായത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്നാണ് പുതിയ അപ്‌ഡേറ്റ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് വൃഷഭയുടേത്. ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2വിലും മോഹന്‍ലാല്‍ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ വെറും പത്ത് മിനിറ്റ് കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. മാത്യു എന്ന കഥാപാത്രം പ്രതീക്ഷിച്ചതിലും വലിയ ഇംപാക്ടായിരുന്നു സമ്മാനിച്ചത്. രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ കസറുമെന്ന് തന്നെയാണ് പ്രതീക്ഷ. തമിഴില്‍ വേറെ പ്രൊജക്ടുകളിലും മോഹന്‍ലാലിന്റെ പേര് കേള്‍ക്കുന്നുണ്ട്.

ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വേട്ടൈയന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ പേര് കേള്‍ക്കുന്നു. തമിഴ്‌നാടിനെ ഞെട്ടിച്ച ശരവണ ഭവന്‍ ഹോട്ടലിന്റെ ഉടമ രാജഗോപാലിന്റെ ജീവിതകഥ ആസ്പദമാക്കിയാകും ഈ ചിത്രം ഒരുങ്ങുകയെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ പ്രൊജക്ടുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Content Highlight: Mohanlal Completed his dubbing for Vrushabha movie

We use cookies to give you the best possible experience. Learn more