| Friday, 29th May 2026, 3:00 pm

തമിഴില്‍ രജിനിയും വിജയ്‌യും... മലയാളത്തില്‍ മോഹന്‍ലാല്‍ മാത്രം, ഒരേയൊരു രാജാവെന്ന് സംശയമില്ലതെ പറയാം

അമര്‍നാഥ് എം.

മോളിവുഡ് ബോക്‌സ് ഓഫീസില്‍ മറ്റൊരു എതിരാളിയൊന്നും ഇല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. തിയേറ്ററുകളെ ജനസാഗരമാക്കി മാറ്റിയ ദൃശ്യം 3 ഇതിനോടകം 200 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞു. മലയാളത്തിലെ അഞ്ചാമത്തെയും മോഹന്‍ലാലിന്റെ കരിയറിലെ മൂന്നാമത്തെയും 200 കോടി ചിത്രമാണ് ദൃശ്യം 3.

മോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരം കൂടിയാണ് മോഹന്‍ലാല്‍. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ 100, 200 കോടി കളക്ഷന്‍ നേടുമ്പോള്‍ മലയാളത്തിന് മാത്രം ഇതൊന്നും സാധിക്കില്ലെന്ന ധാരണ പലര്‍ക്കുമുണ്ടായിരുന്നു. അതിനെ തിരുത്തിയത് മോഹന്‍ലാല്‍. മോളിവുഡിലെ ആദ്യത്തെ 50, 100, 150 കോടി ക്ലബ്ബുകള്‍ പിറന്നത് മോഹന്‍ലാലിലൂടെയാണ്.

മോഹന്‍ലാല്‍ Photo: Mohanlal/ Instagram

ഇതിന് പുറമെ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ്ങും, ഏറ്റവും വേഗത്തില്‍ 100, 200 കോടി നേടിയതും മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ദൃശ്യം 3 200 കോടി നേടിയതോടെ അപൂര്‍വ റെക്കോഡ് മോഹന്‍ലാല്‍ തന്റെ പേരിലാക്കി. ഏറ്റവും കൂടുതല്‍ 200 കോടി ചിത്രങ്ങളുള്ള സൂപ്പര്‍താരങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാലും ഇടംപിടിച്ചു.

തമിഴില്‍ ഏറ്റവുമധികം 200 കോടി ചിത്രങ്ങളുള്ളത് വിജയ്ക്കും രജിനിക്കുമാണ്. വിജയ്‌യുടേതായി എട്ട് 200 കോടി ചിത്രങ്ങളുള്ളപ്പോള്‍ രജിനിയുടെ ഒമ്പത് സിനിമകള്‍ ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ സൂപ്പര്‍താരങ്ങളുടെ ലിസ്റ്റില്‍ മൂന്ന് സിനിമകളുമായി മോഹന്‍ലാലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നുള്ള ഒരേയൊരു താരവും മോഹന്‍ലാലാണ്.

കേരള ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന് കോമ്പറ്റീഷന്‍ കൊടുക്കാന്‍ ഒരൊറ്റ താരം പോലുമില്ലാത്ത അവസ്ഥയാണ്. പല താരങ്ങളും 100 കോടി ക്ലബ്ബില്‍ പോലും ഇതുവരെ ഇടം പിടിക്കാതിരിക്കുമ്പോഴാണ് മോഹന്‍ലാല്‍ മൂന്ന് വട്ടം 200 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തുന്നത്. മോഹന്‍ലാല്‍ സിനിമക്ക് പോസിറ്റീവ് റിവ്യൂ ലഭിക്കുമ്പോള്‍ മോളിവുഡിന്റെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ കാണാനാകുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2ന്റെ കേരള കളക്ഷനും ലോകഃയുടെ വേള്‍ഡ്‌വൈഡ് കളക്ഷനും ദൃശ്യം 3ക്ക് മറികടക്കാനാകുമോ എന്നാണ് പുതിയ ചര്‍ച്ച. ബലിപെരുന്നാള്‍ അവധിയും മറ്റ് സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതും ദൃശ്യം 3ക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. തരുണ്‍ മൂര്‍ത്തിയുമായി ഒന്നിക്കുന്ന അതിമനോഹരവും ഈ വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

Content Highlight: Mohanlal becomes the actor with most number of 200 crore movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more