മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുമ്പോൾ, ഇപ്പോഴിതാ ആരാധകരുടെ ശ്രദ്ധ നേടുന്നത് മോഹൻലാൽ പറഞ്ഞ ചില രസകരമായ വാക്കുകളാണ്. ദൃശ്യത്തിലെ ജോർജ്‌കുട്ടി എന്ന കഥാപാത്രത്തെ കുറിച്ചും ആ പേരിന്റെ പ്രത്യേകതയെ കുറിച്ചുമാണ് താരം മനസ് തുറന്നത്.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറിയ ജോർജ്‌കുട്ടിയെ അതിമനോഹരമായി അവതരിപ്പിച്ചത് മോഹൻലാലായിരുന്നു.
മോഹൻലാൽ,Photo: IMDb
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു സാധാരണ മനുഷ്യന്റെ ഭയവും ബുദ്ധിയും ഒരുമിച്ചാണ് ആ കഥാപാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗം മുതൽ തന്നെ പ്രേക്ഷകരെ ആകർഷിച്ച ജോർജ്‌കുട്ടി, രണ്ടാം ഭാഗത്തിലും അതേ തീവ്രതയോടെ മുന്നേറി. ഇപ്പോൾ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പും അത്രത്തോളം ശക്തമാണ്.
ഇപ്പോഴിതാ ജോർജ്‌കുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ രസകരമായി സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
‘ജോർജ്‌കുട്ടി ആരാണെന്ന് എനിക്ക് ഇപ്പോഴും പൂർണമായി മനസിലായിട്ടില്ല. ചില കഥാപാത്രങ്ങൾ അങ്ങനെ തന്നെയാണ്. നമ്മൾ അഭിനയിച്ച് തുടങ്ങുമ്പോൾ അവർ നമ്മളിൽ നിന്ന് വേറിട്ട് ജീവിക്കാൻ തുടങ്ങും. ജോർജ്‌കുട്ടി അത്തരത്തിലുള്ള ഒരാളാണ്,’ എന്നാണ് താരം പറഞ്ഞത്.
അതോടൊപ്പം കഥാപാത്രത്തിന്റെ പേരിനെ കുറിച്ചും മോഹൻലാൽ പ്രത്യേകമായി പരാമർശിച്ചു. ‘ജോർജ്‌കുട്ടി എന്ന പേര് തന്നെയാണ് ആ കഥാപാത്രത്തിന്റെ ഒരു പ്രത്യേകത.
ദൃശ്യം3, Photo: IMDb
വല്ല കൃഷ്ണൻ നായർ എന്നോ മറ്റോ ആയിരുന്നെങ്കിൽ അത്ര പവർ കിട്ടുമായിരുന്നില്ല. ജോർജ്‌കുട്ടി എന്ന് പറയുമ്പോൾ ഒരു സ്വീറ്റ് ഫീലുണ്ട്. പക്ഷേ അതിനകത്ത് വളരെ അഭ്യാസമുള്ള ഒരാളുണ്ട്,’ എന്നാണ് താരം ചിരിയോടെ പറഞ്ഞത്.
കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ കുറിച്ചും താരം സംസാരിച്ചു. ‘ജോർജ്‌കുട്ടി ഭയമില്ലാത്ത ഒരാളല്ല. ഓരോ നിമിഷവും അയാൾക്ക് പേടിയുണ്ട്. പക്ഷേ കുടുംബത്തിന് വേണ്ടി ആ ഭയം മറച്ച് നിൽക്കുകയാണ്.
മകൾക്കും ഭാര്യക്കും ഒന്നും സംഭവിക്കില്ല, ഞാൻ ഉണ്ടെന്ന് പറയുന്ന മനുഷ്യനാണ് അയാൾ,’ എന്ന് മോഹൻലാൽ വ്യക്തമാക്കി.
2013ൽ പുറത്തിറങ്ങിയ ദൃശ്യം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു. പിന്നീട് രണ്ടാം ഭാഗവും വമ്പൻ വിജയമായതോടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായി. ജോർജ്‌കുട്ടി ഇനി എന്ത് ചെയ്യും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.
Content Highlight: Mohanlal asks if it was Krishnan Nair instead of George Kutty.