തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മീശ പിരിച്ച് ഖദറിട്ട് നടൻ മോഹൻലാൽ. എന്തു വേഷം ധരിച്ചാണ് വരികയെന്നത് ഒരു വലിയ ചർച്ച വിഷയമായിരുന്നെന്ന് മോഹൻലാൽ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതുപോലെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചെന്നും കുട്ടികൾക്കുവേണ്ടി കുറച്ച് മീശ പിരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ഏറ്റവും നല്ലൊരു വേഷമാണെന്നും വിദ്യാഭ്യാസ മന്ത്രി ഈ വേഷത്തിൽ വരണമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ പറ്റില്ലെങ്കിലും ഇത് തനിക്കിഷ്ടപ്പെട്ട വേഷമാണെന്നും താൻ കൈത്തറിക്ക് വേണ്ടി ഗുഡ്‌വിൽ അംബാസഡറായിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്ത് വേഷം ധരിച്ചാണ് വരികയെന്നത് ഒരു വലിയ ചർച്ച വിഷയമായിരുന്നു. വിദ്യാഭ്യാസ മന്ത്രി പറഞ്ഞതുപോലെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദറും ധരിച്ചു. കുട്ടികൾക്കുവേണ്ടി കുറച്ചു മീശയും പിരിച്ചു.
എന്തായാലും ഇത് നല്ലൊരു വേഷമാണ്. എനിക്ക് ഇഷ്ടപ്പെട്ടൊരു വേഷം കൂടിയാണ്,’ മോഹൻലാൽ പറഞ്ഞു.
ഇത്തരമൊരു വേഷം നിർദേശിച്ചതിന് വേദിയിൽ വെച്ച് വി.ശിവൻ കുട്ടിക്ക് മോഹൻലാൽ നന്ദി പറയുകയും ചെയ്തു.
കഴിഞ്ഞ കലോത്സവങ്ങളിൽ പല തവണ മന്ത്രി വിളിച്ചപ്പോൾ മറ്റുപല തിരക്കുകൾ കാരണം എത്താൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ എന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ഇന്ന് ഈ വേദിയിലെത്തണമെന്ന് താൻ ഉറപ്പിച്ചിരുന്നെന്നും മോഹൻലാൽ പറഞ്ഞു.
ഇത്രയും വലിയൊരു ചടങ്ങിൽ താൻ ഇന്ന് വന്നില്ലെങ്കിൽ വലിയൊരു നഷ്ടമായി പോയേനെയെന്നും എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതുകൊണ്ട് വരാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവം ഒരു മത്സരമല്ലെന്നും ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഉള്ളിലെ കലാകാരനെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുത്. മുന്നിലുള്ള സാധ്യതകളെ ഉപയോഗിക്കുക. കഴിവുകളെ മിനുക്കിയെടുക്കുക. കലോത്സവം ഒരു മത്സരമല്ല ഉത്സവമാണ്,മോഹൻലാൽ വിദ്യാർത്ഥികളോടായി പറഞ്ഞു
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലയെയും കലോത്സവത്തിൽ പ്രതിഭകളായ എല്ലാ വിദ്യാർത്ഥികളെയും മോഹൻലാൽ അഭിനന്ദിച്ചു.
കണ്ണൂർ ജില്ലാ 1023 പോയിന്റുമായാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ തൃശൂരാണ് രണ്ടാമത്.
Content Highlight: Mohanlal as the chief guest at the closing ceremony of the State School Kalolsavam