ദല്‍ഹി: എ.ഐ അഥവാ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങളും പരസ്യങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍. തന്റെ പേര് ശബ്ദം, രൂപം തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
നാളെ (ചൊവ്വ) ജസ്റ്റിസ് ജ്യോതി സിങ് ഹരജി പരിഗണിക്കും. നേരത്തേ സിനിമാ-കായിക മേഖലയിലെ പ്രമുഖരും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹരജി നല്‍കിയിരുന്നു. ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹ, അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്യ ചിത്രങ്ങള്‍ക്കും മറ്റുമായി കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റികളുടെ ബ്രാന്‍ഡ് അനുമതിയില്ലാതെ ഉപയോഗിക്കുന്നതിലൂടെ വലിയ നേട്ടമാണ് പലരും അനധികൃതമായി സ്വന്തമാക്കുന്നത്.
മോഹന്‍ലാല്‍
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നൂറു കോടി ക്ലബുകളെന്ന നേട്ടവും താരത്തിന്റെ പേരിലാണ്. ജയിലര്‍ 2, ദൃശ്യം 3, L366, തുടങ്ങി വമ്പന്‍ പ്രൊജക്ടുകളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്.
Content Highlight: Mohanlal Approaches Delhi high-courtt for personality rights