മലയാളത്തിലെയും തമിഴിലെയും ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരാണ് മോഹന്‍ലാലും വിജയ്‌യും. സ്വന്തം ഇന്‍ഡസ്ട്രിയിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ അടക്കം പല ബോക്‌സ് ഓഫീസ് റെക്കോഡുകളും ഇരുവരുടെയും പേരിലാണ്. ഇരുവരുടെയും ഫാന്‍ ബേസും വളരെ വലുതാണ്.
ബോക്‌സ് ഓഫീസില്‍ ഇരുവരും പങ്കുവെക്കുന്ന വ്യത്യസ്തമായ ഒരു റെക്കോഡാണ് സിനിമാപേജുകളിലെ ചര്‍ച്ചാ വിഷയം. മലയാളത്തിലെയും തമിഴിലെയും റീ റിലീസ് കളക്ഷന്‍ റെക്കോഡുകള്‍ തമ്മിലുള്ള സാമ്യത പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും ഇരുവരുടെയും പേരിലാണെന്നത് വല്ലാത്ത സാമ്യതയാണ്.
റീ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സര്‍വാധിപത്യമാണ്. ഒന്നാം സ്ഥാനത്ത് ദേവദൂതന്‍ (4.25 കോടി), രണ്ടാം സ്ഥാനത്ത് ഛോട്ടാ മുംബൈ (3.64 കോടി), മൂന്നാം സ്ഥാനത്ത് സ്ഫടികവും (3.15 കോടി) നാലാം സ്ഥാനത്ത് മണിച്ചിത്രത്താഴുമാണുള്ളത് (3.10 കോടി).
തമിഴ് റീ റിലീസുകളില്‍ ഗില്ലിയാണ് ഒന്നാമന്‍. 2024ല്‍ റീ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 24.7 കോടിയാണ് നേടിയത്. ഇന്ത്യന്‍ സിനിമകളില്‍ റീ റിലീസ് കളക്ഷനിലും ഗില്ലി റെക്കോഡിട്ടിരുന്നു. വിജയ്‌യുടെ തന്നെ സച്ചിനാണ് രണ്ടാം സ്ഥാനത്ത്. ഈ വര്‍ഷം റീ റിലീസ് ചെയ്ത ചിത്രം 10.05 കോടിയാണ് നേടിയത്.
വിജയ്- ജ്യോതിക ജോഡിയുടെ ഖുശി മൂന്നാം സ്ഥാനത്തും (4.00 കോടി) ഇടംപിടിച്ചിട്ടുണ്ട്. അജിത് നായകനായ അട്ടഗാസം (2.8 കോടി), രജിനിയുടെ ദളപതി (2.20 കോടി) എന്നിങ്ങനെയാണ് റീ റിലീസ് കളക്ഷന്‍. ഒന്നാം സ്ഥാനത്തുള്ള വിജയ് സിനിമയുടെ കളക്ഷന്റെ പകുതി പോലും മറ്റ് നടന്മാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നില്ല.
ഇങ്ങ് കേരളത്തിലും ഇതേ അവസ്ഥ തന്നെയാണ്. മോഹന്‍ലാലിന്റെ സിനിമകള്‍ റീ റിലീസില്‍ ഉണ്ടാക്കുന്ന ഓളം മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കാനായിട്ടില്ല. മമ്മൂട്ടിയുടെ നാല് സിനിമകള്‍ റീ റിലീസ് ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ ഇവക്കൊന്നും സാധിച്ചിട്ടില്ല.
Content Highlight: Mohanlal and Vijay holding the highest collection record in Re release