| Friday, 23rd January 2026, 2:40 pm

വേണമെങ്കില്‍ മീശയും ഷേവ് ചെയ്‌തേക്കാം.. അല്ലെങ്കില്‍ മീശ പിരിക്കാം.. അത് ഉടന്‍ തന്നെ കാണാം.. ; ലാലേട്ടന്‍ പറഞ്ഞത് തന്നെ ചെയ്തു മക്കളേ..

നന്ദന എം.സി

മോഹന്‍ലാല്‍–തരുൺ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വമ്പൻ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് പിന്നാലെ, ഇരുവരുടെയും അടുത്ത സിനിമയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. തൊടുപുഴയിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. ഈ വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

തുടരും എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ച അതേ സ്ഥലത്ത് നിന്നാണ് പുതിയ സിനിമയുടെ യാത്രയും ആരംഭിച്ചിരിക്കുന്നത്.

മോഹൻ ലാൽ, തരുൺ മൂർത്തി, Photo: Mohanlal/ Facebook

‘നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366ന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഷൂട്ടിങ് ചിത്രം പങ്കുവെച്ചത്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ ചിത്രം തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകരെ ഏറ്റവുമധികം ആവേശരാക്കുന്നത്. ‘ചുമ്മാ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

മീശപിരിച്ചുള്ള ലുക്കില്‍ വിന്‍റേജ് ലാലേട്ടനെ ഉടനെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ എന്നൊരു ചോദ്യത്തിന് അദ്ദേഹം മുമ്പ് നൽകിയ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നു.

മോഹൻ ലാൽ, തരുൺ മൂർത്തി, Photo: Mohanlal/ Facebook

‘ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതിനാലാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്. വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം, അല്ലെങ്കില്‍ മീശ പിരിക്കാം. അത് ഉടന്‍ തന്നെ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ. ഇനി ചെയ്യാന്‍ പോകുന്നത് ദൃശ്യം 3 ആണ്. അതിന് ശേഷം ഒരു പൊലീസ് ഓഫീസറുടെ വേഷമുണ്ട്, അതില്‍ മീശ പിരിക്കാം. പിന്നീട് വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മോഹൻ ലാൽ, Photo: Mohanlal/ Facebook

എന്തായാലും, കാത്തിരുന്ന നിമിഷം അടുത്തെത്തിയെന്ന വിശ്വാസത്തിലാണ് ആരാധകർ. മീശ പിരിച്ച് തോൾ ചെരിച്ച് നടന്നു വരുന്ന ലാലേട്ടനെ വീണ്ടും കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇതോടെ താടി വടിച്ച വിന്‍റേജ് ലുക്കിലുള്ള ലാലേട്ടനെ വീണ്ടും സ്ക്രീനില്‍ കാണാനാകുമോ എന്ന ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്.

പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. മീര ജാസ്മിനാണ് നായിക. ആഷിഖ് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്.

തുടരും ഉള്‍പ്പെടെ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ്. സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍ എന്നിവരാണ്.

Content Highlight:  Mohanlal and Tarun Murthy’s new film shooting begins

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more