| Wednesday, 4th November 2026, 5:25 pm

റിലീസും റിസല്‍ട്ടും ഒരുപോലെയായ വല്ലാത്ത ക്ലാഷ്; ബോക്‌സ് ഓഫീസില്‍ മൂന്നാമതും ഏറ്റുമുട്ടാന്‍ കിങ് ഖാനും ലാലേട്ടനും

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളാണ് മോഹന്‍ലാലും ഷാരൂഖ് ഖാനും. കരിയറാരംഭിച്ച കാലം മുതല്‍ ഇന്നുവരെ ഇരുവരും അതാത് ഇന്‍ഡസ്ട്രികളുടെ മുഖമായി നില്‍ക്കുകയാണ്. തങ്ങള്‍ക്ക് ഒപ്പം വന്നവരും ശേഷം വന്നവരും ഇന്‍ഡസ്ട്രിയില്‍ കത്തിക്കയറുമ്പോഴും തങ്ങളുടെ സിംഹാസനത്തിന് ഇളക്കം തട്ടാതിരിക്കാന്‍ കിങ് ഖാനും ലാലേട്ടനും എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്.

കരിയറിലെ ഏറ്റവും മോശം ഫെയ്‌സില്‍ നിന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാക്ക് ടു ബാക്ക് ചരിത്രവിജയം നേടി തങ്ങളുടെ ബോക്‌സ് ഓഫീസ് പവര്‍ കാണിക്കാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴിതാ ഇരുവരുടെയും കരിയറില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ക്ലാഷാണ് സിനിമാപേജുകളിലെ ചര്‍ച്ച.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രണ്ട് തവണ ഇരുവരും ബോക്‌സ് ഓഫീസില്‍ നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. രണ്ട് തവണയും ഒരേ ബോക്‌സ് ഓഫീസ് റിസല്‍ട്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2018ലാണ് ആദ്യത്തെ ക്ലാഷ് അരങ്ങേറിയത്. കരിയറിലെ ഏറ്റവും വലിയ ബജറ്റിലും ഹൈപ്പിലുമെത്തിയ സീറോയും ഒടിയനും ആ വര്‍ഷം ഡിസംബറില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി.

കരിയറില്‍ അതുവരെ പരീക്ഷിക്കാത്ത ഗെറ്റപ്പില്‍ ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. രണ്ട് സിനിമകളും ഹൈപ്പിനൊത്ത് ഉയരാതെ പോവുകയും ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയും ചെയ്തു. ഷാരൂഖ് പിന്നീട് നീണ്ട ഇടവേളയെടുക്കാനും സീറോയുടെ പരാജയം കാരണമായി. 2023ല്‍ ഇരുവരും വീണ്ടും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ എത്തിയിരുന്നു.

ബാക്ക് ടു ബാക്ക് ആയിരം കോടി നേടി തന്റെ പ്രൈം ഫോമിലെത്തിയ ഷാരൂഖിന്റെ ഡങ്കിയും ജീത്തു ജോസഫുമായി ഒന്നിച്ച മോഹന്‍ലാലിന്റെ നേരും ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തി. വലിയ പ്രതീക്ഷ സമ്മാനിച്ച സംവിധായകരുമായി ഒന്നിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് രണ്ട് സിനിമകള്‍ക്കും ലഭിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വെച്ച് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ നേരിനും ഡങ്കിക്കും സാധിച്ചു. നേര് 85 കോടി നേടിയപ്പോള്‍ 500 കോടിയോളം ഡങ്കിയും സ്വന്തമാക്കി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരിക്കല്‍ കൂടി ക്ലാഷിനൊരുങ്ങുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാലും ഷാരൂഖും കൈകോര്‍ക്കുന്നത്. പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങും തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരവും ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തും.

അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡ്യൂണ്‍ 2, ജുമാന്‍ജി തുടങ്ങി ഹോളിവുഡ് വമ്പന്മാരുമായിട്ടാണ് രണ്ട് സിനിമകളും ഓവര്‍സീസില്‍ ഏറ്റുമുട്ടുക. എന്നിരുന്നാലും സ്വന്തം ടെറിട്ടറിയില്‍ ഇരുവരും ചരിത്രമെഴുതുമെന്നാണ് ആരാധകര്‍ കരുതുന്നത്. മുന്നത്തെ ക്ലാഷുകളെപ്പോലെ ഇത്തവണയും ഒരുപോലുള്ള റിസല്‍ട്ട് സ്വന്തമാക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Mohanlal and Shah Rukh Khan going to clash for third time

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more