സൂപ്പര്‍സ്റ്റാറാവുക എന്നതിനെക്കാള്‍ അത് നിലനിര്‍ത്തുക എന്നതാണ് ഏതൊരു നടനും നേരിടുന്ന പ്രധാന വെല്ലുവിളി. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുന്നതിന്റെ കണ്‍സിസ്റ്റന്‍സി മുന്നോട്ട് കൊണ്ടുപോകുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്നാലും ഒരൊറ്റ ഹിറ്റിലൂടെ പഴയതിനെക്കാള്‍ കൂടുതല്‍ റീച്ച് സ്വന്തമാക്കാന്‍ സ്റ്റാര്‍ഡം സഹായിക്കാറുണ്ട്.
അത്തരത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സ്റ്റാറുകളെന്ന് സംശയമില്ലാതെ പറയാനാകുന്ന രണ്ട് പേരാണ് മോഹന്‍ലാലും രജിനികാന്തും. തമിഴിലെയും മലയാളത്തിലെയും ഏറ്റവും വലിയ താരങ്ങളാണ് ഇരുവരും. ഒപ്പം വന്നവരും പിന്നാലെ വന്നവരും കിതക്കുമ്പോഴും ഇവര്‍ രണ്ടുപേരും പഴയതിനെക്കാള്‍ ശക്തരാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ജയിലര്‍ 2ലൂടെ കരിയറിലെ 16ാമത്തെ ഇന്‍ഡസ്ട്രി ഹിറ്റ് രജിനി സ്വന്തമാക്കിയിരിക്കുകയാണ്.
ഇതോടെ ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോഡില്‍ മോഹന്‍ലാലിനൊപ്പം രജിനികാന്തും ഇടംപിടിച്ചു. അഞ്ച് പതിറ്റാണ്ടിലും ഇന്‍ഡസ്ട്രി ഹിറ്റെന്ന അപൂര്‍വ നേട്ടമാണ് ഇരുവര്‍ക്കുമുള്ളത്. ഇന്ത്യന്‍ സിനിമയില്‍ മറ്റ് താരങ്ങള്‍ക്കൊന്നും ഇത്തരമൊരു നേട്ടമില്ലെന്നതാണ് ശ്രദ്ധേയം. കരിയാറരംഭിച്ച സമയത്ത് തന്നെ വമ്പന്‍ വിജയങ്ങളുടെ ഭാഗമാകാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.
മുരട്ടു കാളൈയാണ് രജിനി നായകനായ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റ്. 1980ല്‍ പുറത്തിറങ്ങിയ ചിത്രം സര്‍വകാലവിജയമായി മാറി. അടുത്ത പതിറ്റാണ്ടില്‍ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളാണ് സൂപ്പര്‍സ്റ്റാര്‍ തന്റെ പേരിലാക്കിയത്. ബാഷ (1995), പടയപ്പ (1999) എന്നീ ചിത്രങ്ങള്‍ റെക്കോഡ് വിജയമാണ് നേടിയത്. 2000-2010 കാലഘട്ടത്തില്‍ മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൂപ്പര്‍സ്റ്റാര്‍ സ്വന്തമാക്കി. ചന്ദ്രമുഖി (2005), ശിവാജി (2007) എന്നീ സിനിമകള്‍ ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറി.
2010-20 സമയത്തും രജിനി എന്ന താരത്തിന്റെ താരത്തിന്റെ പ്രഭാവത്തിന് മങ്ങലുണ്ടായിട്ടില്ല. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ കബാലിയും പിന്നാലെയെത്തിയ 2.0യും ബോക്‌സ് ഓഫീസില്‍ നേടിയ വിജയം ഇന്നും മറ്റ് താരങ്ങള്‍ക്ക് സ്വന്തമാക്കാനായിട്ടില്ല. 2020ന് ശേഷം ജയിലര്‍ ഫ്രാഞ്ചൈസിയുമായി തലൈവര്‍ വീണ്ടും ബോക്‌സ് ഓഫീസ് പവര്‍ വ്യക്തമാക്കി.
മോഹന്‍ലാലാകട്ടെ ഓരോ പതിറ്റാണ്ടിലും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തുന്നതിനൊപ്പം മോളിവുഡിന്റെ റീച്ചും ഉയര്‍ത്തുന്നുണ്ട്. 1980കളില്‍ മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകളാണ് മോഹന്‍ലാല്‍ നല്‍കിയത്. രാജാവിന്റെ മകന്‍ (1986), ഇരുപതാം നൂറ്റാണ്ട് (1987), ചിത്രം (1988) എന്നിവ മോളിവുഡിലെ വമ്പന്‍ വിജയമായി മാറി. 90കളിലും നാല് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ മോളിവുഡിന് മോഹന്‍ലാല്‍ സമ്മാനിച്ചു. കിലുക്കം (1991), മണിച്ചിത്രത്താഴ് (1993), ആറാം തമ്പുരാന്‍, ചന്ദ്രലേഖ (1997) എന്നീ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയുടെ റേഞ്ച് തന്നെ മാറ്റിമറിച്ചു.
2000ത്തിന് ശേഷം മോഹന്‍ലാല്‍ എന്ന താരം ഇന്‍ഡസ്ട്രി ഹിറ്റുമായി കളംനിറഞ്ഞു. മലയാളസിനിമ കണ്ട സര്‍വകാല വിജയമായി നരസിംഹം മാറിയപ്പോള്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20യിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2010ന് ശേഷമാണ് മോഹന്‍ലാല്‍ ഒരു ബ്രാന്‍ഡായി മാറിയത്. ദൃശ്യം (2013), പുലിമുരുകന്‍ (2016) എന്നിവ മോളിവുഡിന്റെ റേഞ്ച് മാറ്റിമറിച്ചു.
2020ന് ശേഷം ബോക്‌സ് ഓഫീസില്‍ കുറച്ചുകാലത്തേക്ക് കഷ്ടകാലമായിരുന്നെങ്കിലും തുടരുമിലൂടെ തന്റെ സിംഹാസനം തിരിച്ചുപിടിച്ചു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാമെന്ന് തെളിയിച്ചതും മോഹന്‍ലാലാണ്. ഒരുപാട് കാലം ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നിലനില്‍ക്കുന്നതില്‍ മോഹന്‍ലാലും രജിനിയും ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങളാണ്.
Content Highlight: Mohanlal and Rajnikanth have Industrial hits in five consecutive decades