| Friday, 18th July 2025, 9:35 pm

ത്രിലോക സുന്ദരന്‍, സ്‌ത്രൈണ ഭാവത്തില്‍ മോഹന്‍ലാല്‍; ചര്‍ച്ചയായി ജോര്‍ജ് സാറിന്റെ പരസ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ പുതിയ പരസ്യം. വിന്‍സ്‌മേര ജ്വല്‍സിന്റെ പരസ്യമാണ് ചര്‍ച്ചയായത്. ഈ പരസ്യത്തില്‍ സ്‌ത്രൈണഭാവത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ശ്രദ്ധേയമായ നിരവധി പരസ്യങ്ങള്‍ ചെയ്തിട്ടുള്ള പ്രകാശ് വര്‍മയാണ് ഈ പരസ്യത്തിന്റെയും സംവിധായകന്‍. ഈയിടെ ഇറങ്ങി വന്‍ വിജയമായ തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ വില്ലനായ ജോര്‍ജ് സാറായി വേഷമിട്ടതും പ്രകാശ് വര്‍മ തന്നെയായിരുന്നു.

മോഹന്‍ലാല്‍ ആദ്യമായിട്ടാണ് പ്രകാശ് വര്‍മയുടെ നിര്‍വാണ ഫിലിംസുമായി ഒരു പരസ്യം ചെയ്യുന്നത്. ‘ആരും കൊതിച്ചുപോകും’ എന്ന ടാഗ് ലൈനില്‍ എത്തിയ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മയും അഭിനയിക്കുന്നുണ്ട്.

പരസ്യ ഷൂട്ടിനായി ലൊക്കേഷനില്‍ എത്തുന്ന മോഹന്‍ലാലിനെ കാണിച്ചു കൊണ്ടാണ് വിന്‍സ്‌മേര ജ്വല്‍സിന്റെ പരസ്യം ആരംഭിക്കുന്നത്. ഇതിനിടയില്‍ ലോക്കേഷനിലെ ആഭരണങ്ങള്‍ കാണാതെയാകുന്നതും ഈ കാര്യം പറയാനായി പ്രകാശ് വര്‍മ മോഹന്‍ലാലിന്റെ കാരവാനിലേക്ക് വരുന്നതുമാണ് പരസ്യത്തില്‍.

കാരവാനില്‍ ഉള്ള മോഹന്‍ലാല്‍ ആഭരണങ്ങള്‍ ധരിച്ച് കണ്ണാടിയില്‍ നോക്കി സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെയ്ക്കുന്നതാണ് പരസ്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഭാഗം. പരസ്യം ഇറങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തവും വേള്‍ഡ് ക്ലാസുമായ പരസ്യമാണ് ഇതെന്നാണ് പലരും പറയുന്നത്. ഇത്രയും മികച്ച പരസ്യം ചെയ്തതിന് പ്രകാശ് വര്‍മയ്ക്കും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം പരസ്യത്തെ വിമര്‍ശിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.


Content Highlight: Mohanlal And Prakash Varma On Advertisement Of Vinsmera Jewels

We use cookies to give you the best possible experience. Learn more