1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച അഭിനേതാവാണ് മോഹന്‍ലാല്‍. പിന്നീട് പ്രേക്ഷകരെ അതിശയിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അമരത്തേക്ക് നടന്നുകയറിയ താരം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പകരക്കാരില്ലാതെ മലയാള സിനിമയുടെ സൂപ്പര്‍ താരമായി നിലകൊള്ളുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ദൃശ്യം സിനിമയിലെ ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
മെയ് 21നാണ് ചിത്രത്തിന്റെ റിലീസെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ഴോണറിലൊന്നാണ് ചിത്രമെന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം ഒട്ടനവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തതോടെ വലിയ ഹൈപ്പാണ് ദൃശ്യം 3യ്ക്ക് ലഭിക്കുന്നത്.
ദൃശ്യം 3. Photo: IMDB
ഇതിനോടകം തന്നെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ കളക്ഷന്‍ ഏഴ്‌കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാളെ റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം അതിരടി പോലും ഒരു കോടി മാത്രം നേടിയ സാഹചര്യത്തിലാണ് ദൃശ്യത്തിന്റെ തേരോട്ടം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സംവിധായകന്‍ ജീത്തു ജോസഫും അഭിനേതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പ്രെസ് മീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലെ പ്രധാന വില്ലനായ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പൊലീസ് കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോഹന്‍ലാല്‍ രസകരമായ മറുപടി നല്‍കിയത്. സഹദേവന്‍ ദൃശ്യം 3ല്‍ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ സഹദേവന്‍ അന്ന് ഓടിയ ഓട്ടത്തില്‍ അയാള്‍ ഓടിപ്പോയി എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതേസമയം കുട്ടികള്‍ നല്‍കിയ മൊഴിയില്‍ അവരുടെ പണി പോയി എന്നായിരുന്നു സംവിധായകനായ ജീത്തു ജോസഫ് പറഞ്ഞത്.
പ്രെസ് മീറ്റിനിടയില്‍. Photo: Manorama online
നേരത്തേ ഏപ്രില്‍ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം പോസിറ്റീവ് റിവ്യൂസ് ചിത്രത്തിന് ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും വെട്ടിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് ചിത്രത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.
Content Highlight: Mohanlal and jeethu Joseph talks about Kalabhavan shajon’s police character in the movie Drishyam