| Saturday, 19th July 2025, 12:14 pm

മൂക്കുത്തിയിടുന്ന ഫഹദും നെക്ലേസ് ധരിക്കുന്ന മോഹന്‍ലാലും

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പലരും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് മോഹന്‍ലാല്‍ അഭിനയിച്ച പുതിയ പരസ്യം. വിന്‍സ്‌മെറ എന്ന ജ്വല്ലറിയുടെ പരസ്യം ഇതിനോടകം പല രീതിയിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യചിത്രത്തില്‍ മോഹന്‍ലാലിലെ സ്‌ത്രൈണഭാവത്തെയാണ് പ്രേക്ഷകരില്‍ കാണിച്ചത്.

സൂപ്പര്‍സ്റ്റാര്‍ഡത്തിന്റെ ഏറ്റവുമുയരത്തില്‍ നില്‍ക്കുമ്പോള്‍ സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്ന ഇത്തരം പരസ്യത്തില്‍ മോഹന്‍ലാല്‍ ഭാഗമാകുന്നതിനെ പലരും അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ പൈസക്ക് വേണ്ടി എന്ത് കോമാളിത്തരവും കാണിക്കാന്‍ തയാറാണെന്ന തരത്തില്‍ താരത്തിനെ വിമര്‍ശിക്കുന്ന ‘ഹാര്‍ഡ്‌കോര്‍ ഫാന്‍സിന്റെ’ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.

മോഹന്‍ലാലിന്റെ പരസ്യത്തോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പരസ്യചിത്രമുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഫഹദ് അഭിനയിച്ച കവിതാ ജ്വല്ലറിയുടെ പരസ്യചിത്രമാണ് അത്. മൂക്കുത്തി ധരിക്കാന്‍ അമ്മ സമ്മതിക്കുമോ എന്ന ടെന്‍ഷനില്‍ നില്‍ക്കുന്ന ഫഹദും ഒടുവില്‍ അതിന് അമ്മ സമ്മതിക്കുകയും ചെയ്യുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. പരസ്യത്തിനൊടുവില്‍ മൂക്കുത്തി ധരിച്ച് അഭിമാനത്തോടെ നടക്കുന്ന ഫഹദ് പുതുമയുള്ള അനുഭവമായിരുന്നു.

ഈ രണ്ട് പരസ്യങ്ങള്‍ക്കുമുള്ള പൊതുവായ പ്രത്യേകത സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്നതാണ്. ആഭരണങ്ങളുടെ പരസ്യത്തില്‍ സ്ത്രീകള്‍ തന്നെ അഭിനയിക്കണമെന്നും ‘സര്‍വാഭരണവിഭൂഷിത’യായി അവരെ അവതരിപ്പിക്കണമെന്നാണ് ഒരുപാട് കാലമായി പലരും ധരിച്ചത്. അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ മാത്രമായിരുന്നു കണ്ടുകൊണ്ടിരുന്നതും.

അതില്‍ നിന്ന് ആദ്യം മാറ്റം കൊണ്ടുവന്നത് ഭീമ ജ്വല്ലറിയായിരുന്നു. പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയ ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ പരസ്യചിത്രം മനോഹരമായ അനുഭവമായിരുന്നു. ‘പെണ്ണായാല്‍ പൊന്ന് വേണം’ എന്ന് ഒരുകാലത്ത് പരസ്യം ചെയ്തിരുന്ന ഭീമ അതില്‍ നിന്ന് മാറിയത് അഭിനന്ദനാര്‍ഹമായ ഒന്നായിരുന്നു.

എന്നാല്‍ അതില്‍ നിന്ന് ഫഹദിന്റെയും മോഹന്‍ലാലിന്റെയും പരസ്യങ്ങളെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് മറ്റ് ചില കാര്യങ്ങളാണ്. എല്ലാവരുടെയും ഉള്ളില്‍ ഒരു സ്ത്രീയുണ്ടെന്നുള്ള കാര്യം മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും പോലുള്ള സൂപ്പര്‍സ്റ്റാറുകളിലൂടെ സംസാരിച്ചാല്‍ അതിന് ഇരട്ടി ഇംപാക്ടായിരിക്കും ലഭിക്കുക. രണ്ട് പരസ്യങ്ങളും അതിനെ അടിവരയിടുകയും ചെയ്യുന്നു.

ഇനിയും നേരം വെളുക്കാത്ത ഒരുകൂട്ടമാളുകളുടെ ട്രോളിന് ഇരയാവേണ്ട ഒന്നായി മോഹന്‍ലാലിന്റെ പരസ്യചിത്രത്തെ കാണാനാകില്ല. അതിന്റെ ആദ്യ ഷോട്ട് മുതല്‍ പലയിടത്തായി ഡയറക്ടര്‍ ബ്രില്യന്‍സും മോഹന്‍ലാലിന്റെ അഭിനയചാരുതയും കാണാന്‍ സാധിക്കും. പരസ്യത്തിന്റെ ആദ്യ ഷോട്ടില്‍ തന്നെ കാറിനുള്ളിലിരിക്കുന്ന മോഹന്‍ലാലിനെയാണ് കാണിക്കുന്നത്. എന്നാല്‍ ആ ഷോട്ടില്‍ പകുതി മോഹന്‍ലാലിന്റെ മുഖവും ബാക്കി പകുതി മറ്റൊരു സ്ത്രീയുടെ മുഖവുമാണ് കാണിക്കുന്നത്.

ആഭരണങ്ങളിഞ്ഞ് കണ്ണാടിയില്‍ നോക്കുന്ന മോഹന്‍ലാലിന്റെ വിരലുകളുടെ ചലനത്തില്‍ പോലും ഒരു സ്‌ത്രൈണത അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. പൗരുഷത്തിന്റെ പര്യായമെന്ന് പലപ്പോഴായി പലരും വിശേഷിപ്പിച്ച മോഹന്‍ലാലില്‍ നിന്ന് ലഭിച്ച ഏറ്റവും മികച്ച ഒരു അഭിനയമുഹൂര്‍ത്തമായി ഈ പരസ്യചിത്രത്തെ കണക്കാക്കാം. ഫഹദിന്റെ പരസ്യചിത്രത്തില്‍ പറയുന്നതുപോലെ ‘Why Should girls have all the fun’ എന്ന ഡയലോഗും മാറ്റത്തിന്റെ അടയാളമാണ്.

Content Highlight: Mohanlal and Fahadh Faasil’s new ad films breaking stereotypes

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more