മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ വീണ്ടും മോഹൻലാൽ ജോർജ്‌കുട്ടിയായി എത്തുമ്പോൾ, ഈ തവണ കഥ ഏത് വഴിയിലേക്ക് തിരിയുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
ജോർജ്‌കുട്ടി വീണ്ടും തന്റെ കുടുംബത്തെ രക്ഷിക്കുമോ, അതോ ഈ വട്ടം ഗീത പ്രഭാകറിന്റെ പിടിയിലാകുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
ദൃശ്യം3, Photo: IMDb
ഒരു വിഭാഗം പ്രേക്ഷകർ ഈ തവണ ജോർജ്‌കുട്ടി കുടുങ്ങാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതേസമയം മറ്റൊരു വിഭാഗം, മുൻ ഭാഗങ്ങളിലേതുപോലെ ഈ വട്ടവും ജോർജ്‌കുട്ടി പ്രതിസന്ധികളെ മറികടക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഈ ചർച്ചകൾക്കിടയിലാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലും ആശാ ശരത്തും നടത്തിയ രസകരമായ സംഭാഷണങ്ങൾ വൈറലാകുന്നത്.
ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത്, ഒരു ‘അമ്മ എന്ന നിലയിൽ ആ കഥാപാത്രത്തിന്റെ വേദന തനിക്ക് മനസിലാകാറുണ്ടെന്ന് പറഞ്ഞു.
ആശാ ശരത്, Photo: IMDb
‘തെറ്റ് ചെയ്താൽ ശിക്ഷിക്കാം, പക്ഷേ കൊന്നുകളയണമായിരുന്നോ എന്ന ചോദ്യം ഗീത പ്രഭാകർ എന്ന രീതിയിൽ എപ്പോഴും തോന്നാറുണ്ട്. എന്നാൽ ഒരു പ്രേക്ഷകയായി കാണുമ്പോൾ ഞാൻ എപ്പോഴും ജോർജ്‌കുട്ടിയുടെ കൂടെയാണ്,’ എന്നാണ് ആശാ ശരത് പറഞ്ഞത്.
തുടർന്ന് അവതാരക മോഹൻലാലിനോട് താൻ ആരുടെ പക്ഷത്താണെന്ന് ചോദിക്കുകയും അതിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘എനിക്ക് എന്റെ കുടുംബത്തിന്റെ കൂടെയല്ലേ നിൽക്കാൻ കഴിയൂ. ഗീത പ്രഭാകറിന്റെ കൂടെ നിൽക്കാം എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ. പക്ഷേ ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ഗീത പ്രഭാകറിനെയാണ് കുറച്ചുകൂടി ഇഷ്ടം. കാരണം അവർക്കും നീതി ലഭിക്കണം.
ജോർജ്‌കുട്ടി ആദ്യം തന്നെ എല്ലാം പറഞ്ഞതാണ്. താനാണ് ഇതെല്ലാം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു ഇഷ്ടം കൊണ്ടാണ് പറഞ്ഞത്. പിന്നെ വീണ്ടും അവർ വന്നപ്പോൾ ഇനി വരരുതെന്ന് പറഞ്ഞതുമാണ്.
പക്ഷേ അവരിങ്ങനെ ഇടക്കിടയ്ക്ക് വന്നാൽ ഞാൻ എന്താ ചെയ്യുക,’ എന്നായിരുന്നു മോഹൻലാലിന്റെ രസകരമായ പ്രതികരണം. എന്തായാലും ജോർജ്‌കുട്ടിക്ക് കുടുംബം തന്നെയാണ് ഏറ്റവും വലുത്. അതിനായി എന്തും ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.
ദൃശ്യം3, Photo: IMDb
ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും മാറ്റ് പ്രധാന വേഷത്തിലെത്തുന്നു.
2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗവും പിന്നീട് എത്തിയ രണ്ടാം ഭാഗവും വൻ വിജയമായതിന് പിന്നാലെ, മൂന്നാം ഭാഗമായ ദൃശ്യം 3 മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിൽ തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal and Asha Sarath’s interview goes viral