| Tuesday, 4th August 2026, 10:31 am

മായയ്ക്ക് ഒരുപാട് ഭാഗ്യങ്ങളുണ്ട്; ഇപ്പോഴും ഒരു സ്‌റ്റേജില്‍ കയറുമ്പോള്‍ എനിക്ക് പേടിയാണ്: മോഹന്‍ലാല്‍

ആര്യ.പി

മകള്‍ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തുടക്കത്തെ കുറിച്ചും ഒരു തുടക്കക്കാരിയെന്ന നിലയില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ടെന്‍ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും മായയുടെ അച്ഛനുമായ മോഹന്‍ലാല്‍.

ഇത്ര നാളായിട്ടും ഇപ്പോഴും ഒരു സ്‌റ്റേജില്‍ പെര്‍ഫോമന്‍സിനായി കയറുമ്പോള്‍ തനിക്ക് പേടിയാണെന്നും ഒരു തരത്തില്‍ ആ പേടി നല്ലതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരു തുടക്കക്കാരിയെന്ന നിലയില്‍ മായ ഭാഗ്യവതിയാണെന്നും സുചിയും താനും ആന്റണിയും ആശിഷും സഹോദരന്റെ സ്ഥാനത്ത് ജൂഡുമൊക്കെ അവള്‍ക്ക് ചുറ്റും ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ സ്‌റ്റേജ് ഫിയര്‍ എന്ന് പറയുന്ന ഒരു കാര്യം ഉണ്ടാകണമെന്നാണ് ഞാന്‍ പറയുക. ഞാന്‍ എത്രയോ വര്‍ഷമായി അഭിനയിക്കുന്ന ആളാണ്. പക്ഷേ നമുക്കിപ്പോഴും ആ ഒരു പേടിയുണ്ട്. അത് വേണം. പ്രത്യേകിച്ച് നമ്മള്‍ ഒരു സ്റ്റേജിലൊക്കെ പെര്‍ഫോം ചെയ്യുമ്പോള്‍.

സിനിമയെ സംബന്ധിച്ച് നമുക്ക് വേറെയും ടേക്കുകള്‍ എടുക്കാം. സോറി പറയാം. സ്റ്റേജില്‍ അതൊന്നും പറയാന്‍ പറ്റില്ല. ഇപ്പോഴും സ്റ്റേജിലേക്ക് കയറുന്നതിന് മുന്‍പ് ഭയങ്കര ടെന്‍ഷനാണ്. അതൊരു അഡ്രിനാലിന്‍ റഷ് പോലെയാണ്.

മോഹന്‍ലാല്‍ photo: Manorama News/Screen Grab

പിന്നെ മായയുടെ കാര്യത്തില്‍ അവള്‍ ചെയ്ത് ചെയ്ത് തന്നെയാണ് ശരിയാകുന്നത്. പിന്നെ അവള്‍ ഒരുപാട് ഭാഗ്യമുള്ള കുട്ടിയാണ്. കാരണം തുടക്കം തന്നെ ഒരു ഫാമിലി പോലെയാണ്.

അമ്മ കൂടെയുണ്ട്. ഞാനുണ്ട്. ആന്റണിയും മകനുമുണ്ട്. സഹോദരനെ പോലെ ജൂഡ് ഉണ്ട്. അപ്പോള്‍ അവിടെ കിട്ടുന്ന ഒരു കംഫര്‍ട്ടുണ്ട്. അതിപ്പോള്‍ എല്ലാ സിനിമയിലും കിട്ടണമെന്നില്ല.

എനിക്ക് തോന്നുന്നു തുടക്കത്തിന്റെ ആദ്യ സമയത്തൊക്കെ മായയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. അതിന് ശേഷം അവള്‍ ബെറ്റര്‍ ആയി വന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

വിസ്മയ

വലിയ സ്‌റ്റേജ് ഫിയറും ടെന്‍ഷനുമുള്ള ആളാണ് താനെന്നും അതിനെ മാറ്റിയെടുക്കുകയാണെന്നും അഭിമുഖത്തില്‍ വിസ്മയ പറഞ്ഞു. തുടക്കത്തിലെ ചില ഷോട്ടുകളൊക്കെ ടെന്‍ഷന്‍ കാരണം ടേക്കുകള്‍ പോയിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഈ മാസം ഏഴാം തിയതിയാണ് തുടക്കം തിയേറ്ററുകളിലെത്തുന്നത്. ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞത്. സായ് കുമാര്‍, ചിപ്പി എന്നിവരാണ് ചിത്രത്തില്‍ വിസ്മയയുടെ അച്ഛനും അമ്മയുമായി എത്തുന്നത്. മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.

Content Highlight: Mohanlal about Vismaya and Stage Fear

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more