മലയാളികള്‍ ഇന്നും മനസില്‍ കൊണ്ടുനടക്കുന്ന മോഹല്‍ലാലിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമാണ് കിരീടം. സേതുമാധവനും അദ്ദേഹത്തിന്റെ ദു:ഖവും മലയാള പ്രേക്ഷകരുടെ കൂടി ദു:ഖമായി മാറുന്ന അപൂര്‍വതയ്ക്ക് കിരീടം സാക്ഷ്യം വഹിച്ചു. 37 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടം റി റീലിസിന് ഒരുങ്ങുമ്പോള്‍ സേതുമാധവനും ദേവിയും അച്ചുതനുമെല്ലാം ഒരിക്കല്‍ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തുകയാണ്. കിരീടത്തെ കുറിച്ചും സംവിധായകന്‍ സിബി മലയിലിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് കിരീടം റി റിലീസ് ട്രെയിലര്‍ ലോഞ്ചില്‍ നടന്‍ മോഹന്‍ലാല്‍.
മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാനായി താന്‍ ചെന്ന ആ പഴയ കഥ വീണ്ടും ലാല്‍ വേദിയില്‍ ഓര്‍മിച്ചു. അന്ന് 100 ല്‍ വെറും 2 മാര്‍ക്ക് തന്ന് തന്നെ സഹായിച്ച ആളാണ് സിബിയെന്നായിരുന്നു ലാല്‍ തമാശരൂപേണ പറഞ്ഞത്. എന്നാല്‍ അതേ 2 മാര്‍ക്ക് തന്നയാള്‍ പില്‍ക്കാലത്ത് രണ്ട് നാഷണല്‍ അവാര്‍ഡാണ് തനിക്ക് നേടിത്തന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘സിനിമയില്‍ ഞാന്‍ 50 വര്‍ഷമായി. എന്റെ ആദ്യത്തെ സിനിമ കഴിഞ്ഞ് രണ്ടാമത്തെ സിനിമയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലേക്ക് ഞാന്‍ പോകുന്നത് അതിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ്.
അവിടെ ചെന്ന എന്നോട് ഒരു സീന്‍ തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു. സംവിധായകന്‍ ഫാസിലുണ്ട്, ജിജോയുണ്ട്, സിബി മലയിലുണ്ട് വേറെ കുറച്ച് ആള്‍ക്കാരുണ്ട്. അങ്ങനെ ആ സീനൊക്കെ അഭിനയിച്ചുകഴിഞ്ഞു.
മോഹന്‍ലാല്‍, Photo: Voice Of Kerala Entertainment
ഈ കഥ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഈ സമയത്ത് പറയാതിരിക്കാനാവില്ല. അതുകൊണ്ട് പറയുകയാണ്. നൂറിലാണ് മാര്‍ക്കിടുന്നത്. ഓരോരുത്തരും മാര്‍ക്കിട്ടു. അന്ന് എനിക്ക് ഏറ്റവും നല്ല മാര്‍ക്ക് തന്ന് എന്നെ സഹായിച്ച ആളാണ് സിബി. 2 മാര്‍ക്ക്. 100 ല്‍ 2 മാര്‍ക്ക്.
പക്ഷേ പില്‍ക്കാലത്ത് അദ്ദേഹം എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡ് കൂടി വാങ്ങി തന്നു. എന്റെ ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിരീടത്തിനായിരുന്നു. അന്നത്തെ സ്റ്റേറ്റ് അവാര്‍ഡും. അതുപോലെ ഭരതത്തിനും നാഷണല്‍ അവാര്‍ഡ് കിട്ടി. സിബി താങ്ക് യൂ സോ മച്ച്.
സിബി മലയില്‍ Photo: Voice Of Kerala Entertainment
ഒരുപാട് നല്ല സിനിമകള്‍ എനിക്ക് അദ്ദേഹത്തിനാപ്പം ചെയ്യാന്‍ സാധിച്ചു. ഇന്ന് സിനിമ പല മാറ്റങ്ങളിലൂടെ സഞ്ചരിക്കുകയാണ്. അതിനൊപ്പം നമ്മള്‍ നീങ്ങുന്നു. അതുപോലെ കിരീടത്തിലെ ഗാനങ്ങള്‍. ഇത്രയും മനസില്‍ കൊണ്ടുനടക്കുന്ന ഗാനങ്ങള്‍ അധികമുണ്ടാകില്ല.
കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടിയെന്ന ഗാനം ഒരു ദിവസമെങ്കിലും കേള്‍ക്കാത്ത മലയാളി ഉണ്ടാവില്ല. കൈതപ്രം സാര്‍, ശ്രീക്കുട്ടന്‍ എല്ലാവരോടും നന്ദി.
37 വര്‍ഷത്തിന് ശേഷം ഒരു സിനിമ റി റിലീസ് ആകുക എന്നത് തന്നെ സന്തോഷമാണ്. ഇത്രയും ആളുകള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഒരു സിനിമ കൂടിയാകുമ്പോള്‍ ആ സന്തോഷം അതിലേറെ വലുതാണ്. ഒരു നടനെന്ന നിലയില്‍, എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കിരീടം. അത് പ്രത്യേകിച്ച് പറയേണ്ടതില്ല. സേതുമാധവന്റെ ദു:ഖം, ആ ട്രെയിലര്‍ ഞാന്‍ വീണ്ടും കണ്ടു. ഒരുപാട് കാര്യങ്ങള്‍ മനസിലെത്തി,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Sibi Malayil and his national Award