മലയാള സിനിമയില്‍ അടുത്ത കാലത്തായി വലിയ തരംഗമാണ് ക്ലാസിക് ചിത്രങ്ങളുടെ റീ-റിലീസുകള്‍ സൃഷ്ടിക്കുന്നത്. ‘സ്ഫടികം’ മുതല്‍ ‘മണിച്ചിത്രത്താഴ്’ വരെയുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വീണ്ടുമെത്തി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ, തന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ റീ-റിലീസുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍.
‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’ തുടങ്ങിയ സിനിമകളുടെ റീ-റിലീസ് വിജയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
റീ-റിലീസില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ‘ദേവദൂതന്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ദേവദൂതന്‍ Photo: The Hindu
‘ആ സമയത്ത് വളരെ മനോഹരമായി ചിത്രീകരിച്ച ഒരു സിനിമയാണ് ദേവദൂതന്‍. വളരെ നല്ല പാട്ടുകളുള്ള സിനിമ. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് അത് എന്തുകൊണ്ടാണ് ഓടാതിരുന്നതെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. യഥാര്‍ത്ഥത്തില്‍ അതൊരു ഗോസ്റ്റ് സ്റ്റോറി അല്ല, മറിച്ച് പ്രണയത്തിന്റെ കഥയാണ്.
പല സ്ഥലങ്ങളിലും കൃത്യമായ ആര്‍ക്കൈവ്‌സ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പഴയ സിനിമകളുടെ പ്രിന്റുകള്‍ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഭാഗ്യത്തിന് ദേവദൂതന്റെ പ്രിന്റ് അവിടെ ഉണ്ടായിരുന്നു. പ്രിന്റൊക്കെ പോയിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ഒരു സിനിമ വീണ്ടും ഉണ്ടാക്കുക? ഇപ്പോള്‍ കാര്യങ്ങളെല്ലാം ഡിജിറ്റലിലേക്ക് മാറിയതുകൊണ്ട് ഒരുപാട് പേര്‍ സിനിമകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
എങ്കിലും, അത്തരത്തില്‍ ഡിജിറ്റലൈസ് ചെയ്ത് റീ-റിലീസ് ചെയ്ത ചില സിനിമകള്‍ക്ക് മാത്രമാണ് വന്‍ വിജയം നേടാന്‍ സാധിച്ചത്, ‘ മോഹന്‍ലാല്‍ പറഞ്ഞു.
‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’, ‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’, ‘രാവണപ്രഭു’ തുടങ്ങിയ സിനിമകളുടെ റീ-റിലീസ് വിജയങ്ങളെക്കുറിച്ച് സംസാരിക്കവെ, എല്ലാ സിനിമകള്‍ക്കും റീ-റിലീസ് വിജയം സാധ്യമാകില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് കാണാന്‍ തിയേറ്ററില്‍ പോയിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും ചിത്രത്തിന് ലഭിച്ച ജനപിന്തുണയെക്കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
ഛോട്ടാ മുംബൈ Photo: The New India Express
‘ഛോട്ടാ മുംബൈയൊക്കെ തിയേറ്ററില്‍ കണ്ടിരിക്കാന്‍ വളരെ രസമുള്ള സിനിമയാണ്. പുതിയ ജനറേഷനും ഇത്തരം സിനിമകളെ ഇത്രത്തോളം നെഞ്ചിലേറ്റുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. എന്നാല്‍, ഈ വിജയങ്ങള്‍ക്ക് പിന്നാലെ ആവശ്യമില്ലാത്ത കുറേ സിനിമകളും റീ-റിലീസിനായി വന്നിട്ടുണ്ട്. അത് ഏതാണെന്നൊന്നും ഞാന്‍ പറയുന്നില്ല.
എല്ലാ സിനിമകള്‍ക്കും ഈ രീതിയില്‍ തിയേറ്ററുകളില്‍ വിജയിക്കാന്‍ പറ്റണമെന്നില്ല. റീ-റിലീസില്‍ വിജയിച്ച ഈ ചിത്രങ്ങളെല്ലാം തന്നെ റിലീസ് ചെയ്ത കാലത്തുതന്നെ പ്രേക്ഷകരില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയ സിനിമകളായിരുന്നു, മോഹന്‍ലാല്‍ പറഞ്ഞു.
‘ഛോട്ടാ മുംബൈ’ തിയേറ്ററുകളില്‍ വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെ നൃത്തം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാല്‍, ജീത്തു ജോസഫ്, മീന Photo: Reporter Tv
‘സിനിമ റീ-റിലീസ് ചെയ്യുമെന്ന് പിന്നീട് മാത്രമാണ് ഞാന്‍ അറിഞ്ഞത്. അവര്‍ അത് എങ്ങനെയാണ് പിന്നെ ചെയ്യുന്നതെന്നതിനെക്കുറിച്ചൊന്നും നമുക്ക് കൃത്യമായി അറിയില്ല. അതൊരു അറ്റംപ്റ്റാണ്. എല്ലാ സിനിമയും റീ-റിലീസ് ചെയ്യുമ്പോള്‍ സക്‌സസ് ആകണമെന്നില്ല. എന്നാല്‍ ഈ സിനിമ അന്നും വലിയ സക്‌സസായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Movie Re release and Success