മലയാളികളെല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി സുഖം പ്രാപിച്ച വിവരം വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആറുമാസത്തോളമായി സിനിമയില്‍ നിന്ന് പൂര്‍ണ ഇടവേളയെടുത്ത് വിശ്രമത്തിലായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും നിര്‍മാതാവ് ആന്റോ ജോസഫുമാണ് മമ്മൂട്ടി സുഖം പ്രാപിച്ച വിവരം ആദ്യം പുറത്തുവിട്ടത്. പിന്നാലെ സന്തോഷം പങ്കുവെച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ വൈറലായി. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. മമ്മൂട്ടി അസുഖബാധിതനായ സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.
താന്‍ എല്ലാവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുമെന്ന് പറയുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടി തിരിച്ചുവന്നത് തന്റെ പ്രാര്‍ത്ഥന കൊണ്ട് മാത്രമല്ലെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതെല്ലാം ഫലിച്ചതുകൊണ്ടാണ് മമ്മൂട്ടി തിരിച്ചുവന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ഞാന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രമല്ല, എത്രയോ പേരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചതുകൊണ്ടാണ് അദ്ദേഹം ഓക്കെയായത്. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന സിനിമയുടെ ഇടയിലാണ് അദ്ദേഹത്തിന് ഇത് സംഭവിച്ചത്. മിക്കപ്പോഴും വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്. അടുത്ത മാസം അദ്ദേഹം ഷൂട്ടിനെത്തും.
ആദ്യം ഡബ്ബിങ്ങിന് വേണ്ടിയാണ് പോകുന്നത്. അതിന് ശേഷം ഷൂട്ടിലേക്ക് ഇറങ്ങും. കുറച്ച് റെസ്ട്രിക്ഷന്‍സ് ഇപ്പോള്‍ ഉണ്ട്. അതുപോലൊരു അവസ്ഥയില്‍ നിന്ന് വരുന്നതല്ലേ. എല്ലാം പഴയതുപോലെയാകാന്‍ കുറച്ച് ടൈമെടുക്കും. പുറത്ത് എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ്. അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചുകിട്ടിയത് ദൈവാനുഗ്രഹമെന്നേ ഞാന്‍ പറയുള്ളൂ,’ മോഹന്‍ലാല്‍ പറഞ്ഞു.
11 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാട്രിയറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ശ്രീലങ്ക, ദല്‍ഹി, കൊച്ചി, തിരുവനന്തപുരം, ഹൈദരബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഇനിയും 40 ശതമാനത്തോളം ഷൂട്ട് ബാക്കിയുണ്ട്.
Content Highlight: Mohanlal about Mammooty’s comeback after his health issues solved