സിനിമയിലെ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ താരങ്ങളുടെ ഓഫ്-സ്‌ക്രീന്‍ ലുക്കുകളും വസ്ത്രധാരണവുമെല്ലാം ആരാധകര്‍ക്കിടയില്‍ എപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്.
ഓരോ അഭിമുഖങ്ങളും സിനിമാ പ്രമോഷനുകളും കഴിയുമ്പോള്‍ നടന്മാര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, അവരുടെ വാച്ച്, മാല, മോതിരം എന്നിവയെല്ലാം സോഷ്യല്‍ മീഡിയ സൂക്ഷ്മമായി നിരീക്ഷിക്കും.
താരങ്ങള്‍ ധരിച്ചിരിക്കുന്നത് ഏത് വമ്പന്‍ ബ്രാന്‍ഡാണെന്നും അതിന്റെ വിപണി വില എത്രയാണെന്നുമൊക്കെ കൃത്യമായി കണ്ടുപിടിക്കാന്‍ ഇഷ്ടപ്പെടുന്ന വലിയൊരു പറ്റം ആളുകള്‍ ഇന്നത്തെ സൈബര്‍ ലോകത്തുണ്ട്. അത് അറിയാന്‍ ആഗ്രഹിക്കുന്ന സിനിമാപ്രേമികളും ഏറെയാണ്.
മോഹന്‍ലാല്‍ Photo: Aashirvad Cinemas
ഇപ്പോഴിതാ, തന്റെ വാച്ചിനെ കുറിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ദൃശ്യം 3’ യുടെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ കെട്ടിയ വാച്ച് പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലില്‍ നടന്ന പ്രത്യേക അഭിമുഖത്തില്‍, അവതാരകനായ ആര്‍.ജെ. മാത്തുക്കുട്ടി മോഹന്‍ലാലിന്റെ കയ്യില്‍ കിടക്കുന്ന ഈ വാച്ചുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി.
സാധാരണയായി വലിയ ബ്രാന്‍ഡുകളുടെ ലക്ഷങ്ങളും കോടികളും വിലവരുന്ന വാച്ചുകള്‍ ധരിക്കാറുള്ള മോഹന്‍ലാല്‍, ഇത്തവണ വളരെ ലളിതമായ ഒരു വാച്ച് ധരിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം. സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയെപ്പോലെ സിംപിളായ രീതിയിലാണോ മോഹന്‍ലാല്‍ എത്തിയത് എന്നതായിരുന്നു അവതാരകന്‍ ഉദ്ദേശിച്ചത്.
എന്നാല്‍, ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി അല്‍പം വൈകാരികമായിരുന്നു. താന്‍ ജോര്‍ജുകുട്ടിയെപ്പോലെ വന്നതല്ലെന്നും, കയ്യിലുള്ളത് തന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന വാച്ചാണെന്നുമാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.
‘ഇതെന്റെ അച്ഛന്റെ വാച്ചാണ്. വളരെ പഴയൊരു വാച്ചാണ്. ഇതിന് ലക്ഷങ്ങളേക്കാളും കോടികളേക്കാളും അതിനേക്കാളുമൊക്കെ വലിയ വിലയുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ Photo: Aashirvad Cinemas
ദൃശ്യം ഒന്നാം ഭാഗത്തില്‍ നിന്നും ദൃശ്യം 3ല്‍ എത്തുമ്പോള്‍ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇ.വി വണ്ടികളും സോളാര്‍ പാനലുകളുമെല്ലാം സര്‍വ്വസാധാരണമായ ഇന്നത്തെ കാലഘട്ടത്തിലെ ഇത്തരം മാറ്റങ്ങള്‍ ദൃശ്യം 3 ല്‍ ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംവിധായകന്‍ ജീത്തു ജോസഫ് നല്‍കിയത്.
ഈ മാറ്റങ്ങളുടെ കാര്യത്തില്‍ താനും തന്റെ ടെക്‌നിക്കല്‍ ടീമുമായി ചെറിയ ചെറിയ ‘ഹെല്‍ത്തി’ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജീത്തു ജോസഫ് തുറന്നുപറഞ്ഞു.
സിനിമയുടെ ആര്‍ട്ട് ഡയറക്ടറും ക്യാമറാമാനുമെല്ലാം ജോര്‍ജുകുട്ടിയുടെ വീട് അങ്ങനെ ചെയ്താലോ ഇങ്ങനെ മാറ്റിയാലോ എന്നൊക്കെ വന്ന് ചോദിക്കാറുണ്ട്. എന്നാല്‍ അതിനോടൊന്നും തനിക്ക് യോജിപ്പുണ്ടായിരുന്നില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു.
‘ഞാന്‍ കണ്‍സീവ് ചെയ്ത ജോര്‍ജുകുട്ടി ഒരു പിശുക്കനാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് സ്വരുകൂട്ടി കാര്യങ്ങള്‍ ഉണ്ടാക്കിയെടുത്ത ആളാണ്. ഭാര്യ റാണി ഡ്രസ്സ് എടുക്കാന്‍ തൊടുപുഴയില്‍ പോകുന്നതിനെ പോലും സമ്മതിക്കാത്ത, അത്രയും കാശുസൂക്ഷിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. എനിക്ക് അത് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റും. അതുകൊണ്ട് വീട്ടിലെ ടിവി കുറച്ചുകൂടി വലുതാക്കി വെക്കാമെന്ന് ഞാന്‍ സമ്മതിച്ചു.
ജീത്തു ജോസഫ് Photo: Aashirvad Cinemas
അല്ലാതെ അവിടുത്തെ ബാക്കി കാര്യങ്ങളൊന്നും മാറ്റാന്‍ എനിക്ക് മടിയാണ്. വണ്ടി മാറ്റണോ എന്ന് ചോദിച്ചപ്പോള്‍ അതിലും ചെറിയൊരു അപ്ഡേഷന്‍ മാത്രം വരുത്തി. വീട്ടില്‍ ഒരു റൂമും കൂടി അധികമായി പണിതു. അങ്ങനെ അല്ലാതെ പെട്ടെന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അത് ശരിയല്ലെന്നൊരു ഫീല്‍ വരും.’
കാലം മാറിയെങ്കിലും ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ വളരെ റിയലിസ്റ്റിക് ആയ മാറ്റങ്ങള്‍ മാത്രമേ സിനിമയില്‍ ഉണ്ടാകൂ എന്നും ജീത്തു ജോസഫ് പറയുന്നുണ്ട്.
Content Highlight: Mohanlal about his Watch