| Tuesday, 26th May 2026, 10:58 am

കൊവിഡിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തയാള് ഞാനാ... ഒ.ടി.ടിക്ക് വേണ്ടി ചെയ്ത് തിയേറ്ററിലിറക്കിയ പടമൊന്നും ഹിറ്റായില്ല: മോഹന്‍ലാല്‍

അമര്‍നാഥ് എം.

ഒരിടവേളക്ക് ശേഷം തിയേറ്ററുകളില്‍ വീണ്ടും ബ്ലോക്ക്ബസ്റ്ററുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മോളിവുഡിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം വരവ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. റിലീസ് ചെയ്ത് നാല് ദിവത്തിനുള്ളില്‍ 140 കോടിയോളമാണ് ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ദൃശ്യം എന്ന ഫ്രാഞ്ചൈസിക്കപ്പുറം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെ സ്വീകാര്യത കൂടിയാണ് ദൃശ്യം 3ന്റെ വിജയ കാരണം. ജോര്‍ജുകുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ദൃശ്യം ഫ്രാഞ്ചൈസിയെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒ.ടി.ടിയിലെത്തിയത് റീച്ച് നല്‍കിയെന്നും എന്നാല്‍ ഹിന്ദി വേര്‍ഷന് സ്വീകാര്യത ലഭിച്ചതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

മോഹന്‍ലാല്‍ Photo: Screen grab/ Mathrubhumi

ദൃശ്യം 2 ഒ.ടി.ടി റിലീസായതില്‍ നിരാശയില്ലെന്ന് അദ്ദേഹം പറഞ്ഞു. മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിന്റെ സമയത്ത് നോര്‍ത്ത് ഇന്ത്യയിലെ കപ്പിള്‍ തന്റെയടുത്ത് വന്നിട്ട് ദൃശ്യം 3ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നെന്ന് അദ്ദേഹം പറയുന്നു. ഹിന്ദി വേര്‍ഷനാണോ എന്ന് താന്‍ എടുത്ത് ചോദിച്ചെന്നും എന്നാല്‍ അവര്‍ സൂചിപ്പിച്ചത് മലയാളം വേര്‍ഷനായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ ദൃശ്യം 2 മലയാളം സബ്‌ടൈറ്റിലിട്ട് കണ്ടവരാണ്. ഒ.ടി.ടിയിലിറങ്ങിയതോടെ ആ സിനിമക്ക് വലിയ റീച്ചായിരുന്നു ലഭിച്ചത്. കൊവിഡിന്റെ സമയത്ത് അത്രയും കഷ്ടപ്പാടുകള്‍ക്കിടയില്‍ നമ്മള്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ദൃശ്യം 2. അത് തിയേറ്ററിലിറക്കിയിരുന്നെങ്കില്‍ ഈ റീച്ച് കിട്ടില്ലായിരുന്നു. ഒ.ടി.ടി റിലീസ് കാരണമുണ്ടായ ഗുണമാണത്.

കൊവിഡിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തത് ഞാനായിരുന്നു. ആ സമയത്ത് ഒ.ടി.ടിക്ക് വേണ്ടി മാത്രമായിരുന്നു ചെയ്തത്. പിന്നീട് അതൊക്കെ തിയേറ്ററിലിറക്കി, അതൊന്നും പ്രതീക്ഷിച്ച വിജയം നേടിയതുമില്ല. അത്തരം കാര്യങ്ങളൊന്നും നമ്മുടെ കൈയിലല്ല. ദൃശ്യം 2 ഒ.ടി.ടിയില്‍ വന്നതുകൊണ്ടാണ് ഇപ്പോള്‍ മൂന്നാം ഭാഗത്തിന് ഇത്രയും വലിയ സ്വീകാര്യത കിട്ടുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ പ്രീ റിലീസ് ബിസിനസിലൂടെ 100 കോടിയിലേറെ നേടാന്‍ ദൃശ്യം 3ക്ക് സാധിച്ചു. ബോളിവുഡിലെ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് ദൃശ്യം 3യുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ദൃശ്യം 3 മാറുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

Content Highlight: Mohanlal about his projects during Covid pandemic time

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more