| Tuesday, 11th December 2012, 1:19 pm

മോഹന്‍ദാസിന്റെ മരണം: ഭാര്യയും കാമുകനും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ജീവനക്കാരന്‍ മോഹന്‍ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സീമയും വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനുമായ വൈക്കം സ്വദേശി ഗിരീഷും അറസ്റ്റിലായി. []

ബൈക്കപകടത്തില്‍ മരിച്ചുവെന്ന് കരുതിയിരുന്ന മോഹന്‍ദാസിനെ ഇരുവരും ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് അറിയിച്ചു. ഗിരീഷാണ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒരുമിച്ച് ജീവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇന്നലെ രാത്രിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഡിസംബര്‍ രണ്ടിന് രാത്രി ജോലിക്ക് പോയ മോഹന്‍ദാസിന്റെ ബൈക്ക് കളമശേരി കണ്ടെയ്‌നര്‍ റോഡിന് സമീപം മറിഞ്ഞ് കിടക്കുകയായിരുന്നു.

റോഡില്‍നിന്ന് മാറിയാണ് മൃതദേഹം കിടന്നിരുന്നത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. ഇതിനാലാണ് ബൈക്കപകടമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

കൊച്ചിയിലെ ഒരു പ്രമുഖ ടീ ഷര്‍ട്ട് നിര്‍മ്മാണ കേന്ദ്രത്തിലെ ജീവനക്കാരനായ ഗിരീഷും മോഹന്‍ദാസും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇങ്ങനെ ലഭിച്ച തുക സീമയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.

സീമയും ഗിരീഷും അടുപ്പത്തിലായതോടെ മോഹന്‍ദാസിനെ ഒഴിവാക്കാന്‍ ഇരുവരും തീരുമാനിക്കുയായിരുന്നു. ആലുവ മുപ്പത്തറ സ്വദേശിയാണ് മോഹന്‍ദാസ്.

We use cookies to give you the best possible experience. Learn more