കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തതില്‍ വൈസ് ചാന്‍സലറെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു.
ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അനില്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഹരജി പരിഗണിച്ചത്.
‘സിന്‍ഡിക്കേറ്റിന് മുകളിലാണ് വി.സിയുടെ അധികാരം’ എന്നാണോ കരുതുന്നതെന്ന കോടതിയുടെ ചോദ്യം മോഹനന്‍ കുന്നുമ്മലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു ഓഫീസര്‍ മാത്രമാണ് വൈസ് ചാന്‍സലറെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ചാണെന്നും കോടതി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത വിവരം സിന്‍ഡിക്കേറ്റിനെ അറിയിച്ച് കഴിഞ്ഞാല്‍ അതോടെ വി.സിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്നും കോടതി വ്യക്തമാക്കി.
അതിന്മേലുള്ള മറ്റു തീരുമാനങ്ങള്‍ എടുക്കേണ്ടത് സിന്‍ഡിക്കേറ്റാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ ഒരു വണ്ടര്‍ഫുള്‍ എക്സാബിളാണോ എന്ന് ചോദിച്ച കോടതി സര്‍വകലാശാലാ പ്രതിസന്ധിയില്‍ പരിഹാസവും ഉയര്‍ത്തി.
ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. അതേസമയം കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് കെ.എസ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയത്.
എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയില്‍ നിന്ന് പിന്മാറിയ സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിസ തോമസ് യോഗം പിരിച്ചുവിട്ട് ഇറങ്ങിപോയിരുന്നു. പിന്നീട് മറ്റൊരു അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ഇടത് അംഗങ്ങള്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കുകയിരുന്നു.
പിന്നാലെ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന വിവരം സര്‍വകലാശാലയിലെ മുഴുവന്‍ വകുപ്പുകളെയും ജോയിന്റ് രജിസ്ട്രാര്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാറായ ഹരികുമാറിനെ സിസ തോമസ് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.
Content Highlight: Do you think that ‘the VC’s authority is above the syndicate’? HC slams Mohanan Kunnummal