| Wednesday, 20th August 2025, 5:16 pm

സത്യേട്ടന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ സിനിമ, ആരും ചിന്തിക്കാത്ത കഥയാണിത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന നടനാണ് മോഹന്‍ലാല്‍. നാലരപ്പതിറ്റാണ്ടിലധികമായി ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നില്‍ക്കുന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ബാക്കിയില്ല. മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വന്ന മോഹന്‍ലാല്‍ അതിഗംഭീര തിരിച്ചുവരവ് നടത്തിയ വര്‍ഷം കൂടിയാണ് 2025.

തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ച മോഹന്‍ലാലിന്റെ അടുത്ത സിനിമയാണ് ഹൃദയപൂര്‍വം. മോഹന്‍ലാലിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ സത്യന്‍ അന്തിക്കാടാണ് ഹൃദയപൂര്‍വം സംവിധാനം ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

‘നല്ല സിനിമയാണ് ഹൃദയപൂര്‍വം. സത്യേട്ടനും ഞാനും ഒന്നിക്കുന്ന 20ാമത്തെ സിനിമയാണ് ഹൃദയപൂര്‍വം. 40 വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഇതിന് മുമ്പ് ഒന്നോ രണ്ടോ സിനിമകള്‍ വിദേശത്ത് പോയി ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം പടങ്ങളും കേരളത്തില്‍ വെച്ചാണ് സത്യേട്ടന്‍ ഒരുക്കിയത്. ഈ സിനിമയുടെ മേജര്‍ ലൊക്കേഷന്‍ പൂനെയിലായിരുന്നു.

സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ഈ പടം. ആരും ചിന്തിക്കാത്ത ഒരു കഥയാണ് ഈ പടത്തിന്റേത്. നല്ല പാട്ടുകളൊക്കെയുള്ള ഒരു ഇമോഷണല്‍ ഫീല്‍ ഗുഡ് സിനിമയെന്ന് ഹൃദയപൂര്‍വത്തെ പറയാം. തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകരും ഹൃദയപൂര്‍വം സ്വീകരിക്കുമെന്ന് കരുതുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചും താരം സംസാരിച്ചു. അടുത്തത് ദൃശ്യം 3 ആണെന്നും അതിന് ശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷമാണെന്നും ആ സിനിമക്ക് വേണ്ടി ചിലപ്പോള്‍ താടി വടിച്ചേക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

ഓണം റിലീസായി എത്തുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള ഒന്നാണ് ഹൃദയപൂര്‍വം. സംഗീത, മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുക.

Content Highlight: Mohanalal shares his expectations about Hridayapoorvam movie

We use cookies to give you the best possible experience. Learn more