മലയാളത്തിന് ഒട്ടനവധി അനശ്വര പാട്ടുകൾ സമ്മാനിച്ച കോമ്പോയാണ് മോഹൻ സിത്താരയും കൈതപ്രം ദാമോദരനും. ഇവർ ഒന്നിച്ച ഗാനങ്ങളിൽ മിക്കതും ഹിറ്റ് പാട്ടുകളായിരുന്നു.
വർഷങ്ങൾക്ക് മുമ്പുള്ള പാട്ടുകൾക്ക് പോലും ഇന്നും ആരാധകരേറെയാണ്. സിനിമയിലെ ഇവരുടെ ഹിറ്റ് കോമ്പോ പോലെയാണ് ജീവിതത്തിലും. രണ്ടുപേരും ജീവിതത്തിലും വലിയ കൂട്ടാണ്. ഇപ്പോൾ കൈതപ്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻ സിത്താര.
‘എനിക്ക് പെട്ടെന്ന് ഓർമ വരുന്ന ഒരു കാര്യം ഒന്നര വർഷത്തോളം ഞാൻ സുഖമില്ലാതെ കിടക്കേണ്ട ഒരു സാഹചര്യം വന്നതാണ്. ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞു, അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ എന്നുപോലും പറഞ്ഞു. ആ സമയത്ത് ഒരു സിനിമാക്കാരും എന്നെ അന്വേഷിച്ചുവന്നില്ല.
കൈതപ്രം പക്ഷേ, അറിഞ്ഞയുടനെ വന്നു. തിരുമേനി (കൈതപ്രം) യും തീരെ അവശനായിരുന്നു. മറ്റൊരാളിന്റെ സഹായത്തോട് കൂടി എന്നെ കാണാൻ വന്ന കാഴ്ച മറക്കാൻ സാധിക്കില്ല. മൂന്നോ നാലോ പ്രാവശ്യം വന്നു. വരുമ്പോഴെല്ലാം കംപോസിങ് കഴിഞ്ഞ് കിട്ടുന്ന കാഷ് ഞാൻ അറിയാതെ എന്റെ അടുത്ത് വെച്ചിട്ട് പോകും.
അത് ജീവിതത്തിൽ മറക്കാനാവില്ല. ഇന്നുവരെ മറ്റാരും അത് ചെയ്തിട്ടില്ല. അത്രയും നല്ല മനസാണ് കൈതപ്രത്തിന്റേത്. ഞാനും കൈതപ്രവും കൂടി ചെയ്യുന്ന പാട്ടുകൾ ഒക്കെ സൂപ്പർ ഹിറ്റാകുന്നത് മനസിന്റെ ഈ ഐക്യം കൂടി കൊണ്ടാണ്,’ മോഹൻ സിത്താര പറയുന്നു.
താൻ ഇടപെട്ടിട്ടിള്ള സംഗീതസംവിധായകർക്ക് ഓരോ സ്വഭാവമാണെന്നും പക്ഷെ ഞാൻ എല്ലാവരുമായിട്ടും പെട്ടെന്ന് പൊരുത്തപ്പെടുമെന്നുമാണ് അതിന് കൈതപ്രം കൊടുത്ത മറുപടി. ആദ്യ പടം മുതൽ മോഹൻ സിത്താരയുമായിട്ട് ഒരേ മനസോടെയാണ് ചെയ്തത് എന്നും അതുകൊണ്ടാണ് എല്ലാ പാട്ടും ഹിറ്റായത് എന്നും അദ്ദേഹവും കൂട്ടിച്ചേർത്തു.
Content Highlight: Mohan Sithara Talking about Kaithapram