കുഞ്ചാക്കോ ബോബന്‍, പ്രീതി ഝംഗിയാനി, വിനീത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു മഴവില്ല്. ചിത്രം തിയേറ്ററില്‍ വിജയമായിരുന്നില്ലെങ്കിലും ചിത്രത്തിലെ ‘ശിവദം ശിവ നാമം’ എന്ന പാട്ട് ഗാനപ്രേമികള്‍ ഏറ്റെടുത്തു.
കൈതപ്രം എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം സംവിധാനം നിര്‍വഹിച്ചത്. ഇപ്പോള്‍ പാട്ടിന് പിന്നിലുള്ള കഥയെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ സിത്താര.
ബാംഗ്ലൂര്‍ വെച്ചാണ് ഇതു ചിട്ടപ്പെടുത്തുന്നതെന്നും കഥാസന്ദര്‍ഭം ഡയറക്ടര്‍ പറഞ്ഞുതന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് അനുസരിച്ചാണ് തങ്ങള്‍ ട്യൂണ്‍ കമ്പോസ് ചെയ്തതെന്നും കൈതപ്രം ദാമോദരനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഗാനം ദര്‍ബാരി രാഗത്തിലാണ് ചെയ്തിരിക്കുന്നത്. ഞാന്‍ ട്യൂണ്‍ പാടിക്കേള്‍പ്പിച്ചു. ഈണം കേട്ടപ്പോള്‍ തന്നെ കൈതപ്രത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹം വളരെ വേഗം തന്നെ പാട്ട് എഴുതുകയായിരുന്നു. ദിനേശിനും വരികള്‍ ഇഷ്ടപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങേണ്ടതുകൊണ്ട് വേഗത്തില്‍ പെയ്‌തൊരു ഗാനമാണ് ഇത്.
ഒരു ഭക്തിഗാനത്തിന്റെ ഭാവം ഇതിനുണ്ട്. അങ്ങനെയാണ് ‘ശിവദം ശിവ നാമം’ എന്ന വരി എഴുതിയത്,’ മോഹന്‍ സിത്താര പറയുന്നു.
യേശുദാസിനെ കൊണ്ട് പാടിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ തിരക്ക് കാരണം അടുത്ത ആഴ്ച പാടാമെന്നാണ് പറഞ്ഞതെന്നും മോഹന്‍ സിത്താര പറഞ്ഞു.
സംവിധായകന് വേഗം പാട്ട് വേണമെന്ന് പറഞ്ഞതുകൊണ്ട് എം. ജി.ശ്രീകുമാറിനെക്കൊണ്ട് ഈ ഗാനം പാടിച്ചുവെന്നും റിക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ യേശുദാസ് ഇങ്ങോട്ട് വിളിച്ചുവെന്നും അടുത്ത ദിവസം വന്ന് പാടാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ തന്നെയാണ് പാട്ടിന്റെ ട്രാക്ക് പാടിക്കൊടുത്തത് എന്നും മദ്രാസില്‍ വെച്ചിട്ടാണ് യേശുദാസ് ഈ പാട്ട് പാടിയതെന്നും അദ്ദേഹം പറഞ്ഞു. എം.ജി.ശ്രീകുമാറിന്റെ ഹമ്മിങ് ഭാഗം ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചുവെന്നും ഈ പാട്ടിലെ ഓരോ വരിയും പാടിക്കഴിയുമ്പോള്‍ യേശുദാസ് തന്നോട് ‘ഭാവം ഇങ്ങനെ മതിയോ മോനേ’ എന്ന് ചോദിക്കുമെന്നും മോഹന്‍ സിത്താര കൂട്ടിച്ചേര്‍ത്തു.
‘സഫലമീ ജീവിതം പ്രേമപൂര്‍ണം’ എന്ന വരിയോക്കെ എന്ത് ഭാവമുള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം പാടിയിരിക്കുന്നത്. ഗാനം വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ഹിറ്റ് ആവുകയും ചെയ്തു. പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ ഒരു ജൂഗല്‍ ബന്ദികൂടിയാണ് ഈ പാട്ട്. അതുകൊണ്ടുതന്നെയാവാം ഇന്നും ഈ ഗാനത്തിന്റെ ചാരുത മായാത്തത്,’ മോഹന്‍ സിത്താര പറയുന്നു.
Content Highlight: Mohan Sithara Remembering Shivasam Shivanamam song