| Sunday, 13th October 2019, 12:00 pm

'ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍; അതിന് ഹിന്ദുക്കളോട് കടപ്പെട്ടിരിക്കണം'; ആവര്‍ത്തിച്ച് മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്‌ലിം ഇന്ത്യയിലാണെന്നും അതിന് ഇന്ത്യയിലെ ഹിന്ദുക്കളോട് നന്ദി പറയണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മുസ്‌ലീം മാത്രമല്ല, ജൂതന്മാര്‍ക്കും പാര്‍സികള്‍ക്കും അവരവരുടെ ആചാരങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഹിന്ദു ഒരു സംസ്‌ക്കാരമാണെന്നും അത് മറ്റ് സംസാക്കാരങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

‘ജൂതന്മാര്‍ വരുമ്പോള്‍ അവര്‍ക്ക് ഇടം ഒരുക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്. പാര്‍സികള്‍ അവരുടെ ആചാരം സ്വതന്ത്രമായി അനുഷ്ഠിക്കുന്നു. ഏറ്റവും സന്തുഷ്ടരായ മുസ്‌ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ് അങ്ങനെയല്ലേ? കാരണം നമ്മള്‍ ഹിന്ദുക്കളാണ്.’ ഭാഗവത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ഹിന്ദു രാഷ്ട്രമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും രാജ്യത്ത് നടക്കുന്ന ആര്‍.എസ്.എസ് കൊലപാതകങ്ങളില്‍ ആര്‍.എസ്.എസ് സംഘം ഉള്‍പ്പെട്ടിട്ടില്ലെന്നും ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഈ വാക്ക് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന.

വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. പിന്നാലെ മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് ഉവൈസി രംഗത്തെത്തിയിരുന്നു.

‘ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു അല്ലാത്ത ആളുകള്‍ അടിച്ചമര്‍ത്തപ്പെടും എന്നാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം മാത്രം നല്‍കുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജനങ്ങളാണ് ഇന്ത്യ. ഹിന്ദു രാഷ്ട്രമെന്നത് അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായ ഒരു സങ്കല്‍പ്പമാണ്’ എന്നായിരുന്നു ഉവൈസിയുടെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more