| Thursday, 7th November 2019, 7:34 pm

മോഹന്‍ ഭാഗവതോ ഭയ്യാജി ജോഷിയോ? അയോധ്യാക്കേസിലെ വിധിക്കു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ വിധി വന്നശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറെടുത്ത് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവതാണോ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയാണോ സംസാരിക്കുക എന്ന കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമാവുക.

നവംബര്‍ 17-നു മുന്‍പ് വിധി വരുമെന്ന നിഗമനത്തില്‍, ഏറെ തയ്യാറെടുപ്പുകളാണ് ആര്‍.എസ്.എസ് നടത്തുന്നത്. മാധ്യമങ്ങളെ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ രൂപരേഖയാണ് അവര്‍ തയ്യാറാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വിധിപ്രഖ്യാപനത്തിനു ശേഷം പ്രദേശം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജനങ്ങളോടു സമാധാനത്തോടെ ഇരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

അനുകൂല വിധി വന്നാല്‍ സ്വന്തം വീടുകളിലും സമീപത്തെ ക്ഷേത്രങ്ങളിലും മാത്രമാണ് ആഘോഷം നടത്തേണ്ടതെന്ന് സ്വയംസേവകര്‍ക്കു നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇതോടകം തന്നെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവര്‍ പങ്കെടുത്ത സംഘപരിവാറിന്റെ ഉന്നതതലയോഗം നടന്നു.

ദല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വങ്ങള്‍ വ്യാഴാഴ്ച വൈകി യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍, നഡ്ഡ, ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, ഗിരിരാജ് സിങ്, സന്തോഷ് ഗംഗ്വാര്‍, ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more