മുംബൈ: 75 വയസ് കഴിഞ്ഞാല്‍ രാഷ്ട്രീയ നേതാക്കള്‍ വിരമിക്കണമന്ന് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത്തിന്റെ പരാമര്‍ശം വിവാദത്തില്‍. മോഹന്‍ ഭാഗവത്തിന്റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് നോതാക്കള്‍ ആരോപിച്ചു.
രാഷ്ട്രീയ നേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്നും പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 17ന് 75 വയസ് പൂര്‍ത്തിയാവും. അതിനാല്‍ ഭഗവത്തിന്റെ പരാമര്‍ശം മോദിയെ ഉദ്ദേശിച്ചതുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അഞ്ച് രാഷ്ട്രങ്ങളിലെ പര്യടനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ അവാര്‍ഡ് ജീവിയായ പ്രധാനമന്ത്രിക്ക് നല്ല വരവേല്‍പ്പാണ് ലഭിച്ചതെന്നും ആര്‍.എസ്.എസ് നേതാവിനെക്കൊണ്ട് തന്നെ 75 വയസ് തികഞ്ഞു എന്ന് ഓര്‍മപ്പെടുത്തലാണ് മോദിക്ക് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശ് പരിഹസിച്ചു. അതേസമയം വരുന്ന സെപ്റ്റംബര്‍ 11ല്‍ മോഹന്‍ ഭഗവത്തിനും 75 വയസ് തികയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു കോണ്‍ഗ്രസ് നേതാവായ പവന്‍ ഖേരയും പ്രതികരണവുമായി രംഗത്തെത്തി. ഇനി നിങ്ങള്‍ രണ്ട് പേരും പെട്ടിയും തൂക്കി പരസ്പരം വഴികാട്ടൂ എന്നാണ് പവന്‍ ഖേര പറഞ്ഞത്. രാഷ്ട്രീയത്തില്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി മോദി ബോളിവുഡില്‍ എത്തേണ്ട ആളായിരുന്നു മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ആര്‍.എസ്.എസ് നേതാവ് പ്രധാനമന്ത്രിക്ക് നേരെ പരോക്ഷ വിമര്‍ശനമുന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേപോലൊരു വേദിയില്‍വെച്ച് ആരും സ്വയം ദൈവമാണെന്ന് കരുതരുതെന്നും ജോലിയില്‍ മികവ് പുലര്‍ത്തുന്ന ഒരു വ്യക്തിയെ ദൈവമായി കാണണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മോഹന്‍ ഭഗവത് പറഞ്ഞത് വിവാദമയിരുന്നു.
ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും സമൂഹത്തില്‍ ആദരണീയരായ വ്യക്തികളാകാമെന്നും സ്വയംമേവ ദൈവമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും മോഹന്‍ ഭഗവത് പറയുകയുണ്ടായി. തന്റെ ജനനം ജൈവികമല്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ചത് ദൈവമാണെന്നുമുള്ള മോദിയുടെ പരാമര്‍ശത്തിന് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Content Highlight: Mohan Bhagwat says leaders should retire at 75, Congress says RSS leader aims Modi