വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം പരമ്പരയ്ക്കിറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിലെത്തിച്ച ഗില്ലും സംഘവും സ്വന്തം മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെ 2-0നും തകര്‍ത്തുവിട്ടു. നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഈ സൈക്കിളില്‍ സൗത്ത് ആഫ്രിക്കയുടെ രണ്ടാം പരമ്പരയാണിത്. പാകിസ്ഥാനെതിരെയായിരുന്നു പ്രോട്ടിയാസ് ആദ്യം കളത്തിലിറങ്ങിയത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സൗത്ത് ആഫ്രിക്ക, രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയിലെത്തിച്ചു.
സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം. കേശവ് മഹാരാജ്, സേനുരന്‍ മുത്തുസ്വാമി എന്നിവരുടെ കരുത്തിനെയാണ് സന്ദര്‍ശകര്‍ വിശ്വസിക്കുന്നത്. സ്പിന്‍ കരുത്തില്‍ ആതിഥേയരും ഒട്ടും പിന്നിലല്ല.
സ്പിന്നേഴ്‌സ് മാത്രമല്ല കൊല്‍ക്കത്തയില്‍ പേസര്‍മാരും തങ്ങളുടെ കരുത്ത് കാട്ടുമെന്നുറപ്പാണ്. പ്രോട്ടിയാസ് നിരയില്‍ കഗീസോ റബാദ തിളങ്ങാനൊരുങ്ങുമ്പോള്‍ മുഹമ്മദ് സിറാജ് – ജസ്പ്രീത് ബുംറ ദ്വയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ നിലവിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് സിറാജ്. 13 ഇന്നിങ്‌സില്‍ നിന്നും 33 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഷമര്‍ ജോസഫിനെക്കാള്‍ 11 വിക്കറ്റുകള്‍ സിറാജിന് അധികമായുണ്ട്.
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – ഇന്ത്യ – 13 – 33*
ഷമര്‍ ജോസഫ് – വെസ്റ്റ് ഇന്‍ഡീസ് – 6 – 22
ജസ്പ്രീത് ബുംറ – ഇന്ത്യ – 9 – 21
ജോഷ് ടംഗ് – ഇംഗ്ലണ്ട് – 6 – 19
ബെന്‍ സറ്റോക്‌സ് – ഇംഗ്ലണ്ട് – 8 – 17
മിച്ചല്‍ സ്റ്റാര്‍ക് – ഇംഗ്ലണ്ട് – 6 – 17
3.73 എന്ന മികച്ച എക്കോണമിയിലും 26.54 ശരാശരയിലും പന്തെറിയുന്ന താരത്തിന്റ സ്ട്രൈക് റേറ്റ് 42.63 ആണ്. ഈ സൈക്കിളില്‍ ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും രണ്ട് ഫോര്‍ഫറുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി തന്റെ പ്രകടനത്തെ കുറിച്ചും സിറാജ് വിലയിരുത്തിയിരുന്നു. താന്‍ താളം കണ്ടെത്തിയെന്നും ഇത് പരമാവധി മുതലാക്കാന്‍ ശ്രമിക്കുമെന്നുമാണ് സിറാജ് പറഞ്ഞത്.
‘വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാനെന്റെ താളം കണ്ടെത്തിയിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ശക്തമായ ഏതിരാളികളെ നേരിടുന്നത് നമ്മള്‍ മെച്ചപ്പെടുത്തേണ്ട ഏരിയ ഏതെന്ന് മനസിലാക്കാന്‍ സഹായിക്കും. ഈ പരമ്പരയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്,’ ജിയോ ഹോട്സ്റ്റാറിലെ ഫോളോ ദി ബ്ലൂസില്‍ സിറാജ് പറഞ്ഞു.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.
Content Highlight: Mohammed Siraj to shine against South Africa