| Wednesday, 23rd July 2025, 2:51 pm

സെഞ്ച്വറി തിളക്കത്തില്‍ ഡി.എസ്.പി സിറാജ്; എഴുതിവെക്കപ്പെട്ട ആ ചരിത്രത്തില്‍ ഇവന്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുകയാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 2-1ന് മുമ്പിലാണ് എന്നതിനാല്‍ തന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് നാലാം മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ശുഭ്മന്‍ ഗില്ലും സംഘവും പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ് തന്റെ കരിയറിലെ 100ാം അന്താരാഷ്ട്ര മത്സരത്തിനാണ് മാഞ്ചസ്റ്ററിന്റെ മണ്ണിലേക്കിറങ്ങുന്നത്.

കരിയറിലെ 40ാം ടെസ്റ്റിനാണ് സിറാജ് കളത്തിലിറങ്ങുന്നത്. ഏകദിനത്തില്‍ 44 മത്സരത്തിലും അന്താരാഷ്ട്ര ടി-20യില്‍ 16 മത്സരത്തിലുമാണ് സിറാജ് ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്.

തന്റെ കരിയറിലെ പ്രധാന നാഴികകല്ലിലൊന്ന് പിന്നിടുന്ന സിറാജ് മറ്റാര്‍ക്കും ഇതുവരെ സാധിക്കാത്ത പല റെക്കോഡ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിന്റെ പവര്‍പ്ലേയില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം, ഈ നേട്ടം പിറവിയെടുത്തതാകട്ടെ ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലും.

2023 ഏഷ്യാ കപ്പ് ഫൈനലിലാണ് സിറാജ് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആതിഥേയരായ ശ്രീലങ്കയെ വെറും 50 റണ്‍സിന് മടക്കിയപ്പോള്‍ ആറ് വിക്കറ്റുമായി തിളങ്ങിയ സിറാജാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഈ മത്സരത്തിന്റെ നാലാം ഓവറില്‍ നാല് വിക്കറ്റും സിറാജ് വീഴ്ത്തിയിരുന്നു. ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ സിറാജ് തന്റെ പേരിലെഴുതിച്ചേര്‍ത്തു. ഫൈനലിന്റെ താരം സിറാജ് തന്നെയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ നേട്ടങ്ങളെ കവച്ചുവെക്കുന്ന മറ്റൊരു നേട്ടം കൂടി സിറാജ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ താരമാണിത്.

ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ഫൈഫര്‍, ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ തുടങ്ങിയ നേട്ടവും സിറാജ് സ്വന്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന സിറാജ് മാഞ്ചസ്റ്ററില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്നും പരമ്പര സജീവമാക്കി നിലനിര്‍ത്തുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അന്‍ഷുല്‍ കാംബോജ്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജേകബ് ബേഥല്‍, ജോ റൂട്ട്, ഒലി പോപ്പ് (വിക്കറ്റ് കീപ്പര്‍), സാക്ക് ക്രോളി, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ക്രിസ് വോക്‌സ്, ലിയാം ഡോവ്‌സണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടംഗ്.

Content Highlight: Mohammed Siraj to play his 100th international match against England

We use cookies to give you the best possible experience. Learn more