ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിനും ഡിക്ലയര്‍ ചെയ്തു. നിര്‍ണായകമായ രണ്ടാം ഇന്നിങ്സില്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 ഡിക്ലയര്‍ ചെയ്തെങ്കിലും രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് പേസര്‍ മുഹമ്മദ് സിറാജാണ്. ബൗള്‍ കൊണ്ടല്ല, ബാറ്റ് കൊണ്ടാണ് ഇത്തവണ സിറാജ് ഇന്ത്യയുടെ വിജയശില്പിയായത്.
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മൂന്ന് പടുകൂറ്റന്‍ സിക്‌സുകള്‍ പറത്തിയാണ് ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചത്. 15 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടിയാണ് സിറാജ് തിളങ്ങിയത്.
ഇതാദ്യമായല്ല സിറാജ് ലങ്കന്‍ ടീമിനെതിരെ ഉജ്ജ്വല പോരാട്ടം നടത്തുന്നത്. 2023 ഏഷ്യ കപ്പ് ഫൈനലിലെ സിറാജിന്റെ പോരാട്ടവീര്യം ഇപ്പോഴും ലങ്കന്‍ ആരാധകരുടെ മനസില്‍ പേടി സ്വപ്നമായി കിടക്കുന്ന ഒന്നാണ്.
കൊളംബോയില്‍ നടന്ന കലാശപോരാട്ടത്തില്‍ വെറും 50 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ഇന്നിങ്സ് അവസാനിച്ചത്. ശ്രീലങ്കന്‍ ബാറ്റര്‍മാരെ നിഷ്പ്രഭമാക്കിയ സിറാജിന്റെ സ്‌പെല്ലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടത്തില്‍ തിളങ്ങി നിന്നത്.
മത്സരത്തില്‍ ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇതിലെ നാല് വിക്കറ്റുകളും സിറാജ് വീഴ്ത്തിയത് ഒറ്റ ഓവറിലാണെന്നതും എടുത്തു പറയണം.
പാതും നിസംഗ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് സിറാജ് മടക്കി അയച്ചത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു അന്ന് ലങ്കക്കെതിരെ സിറാജ് നടത്തിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ലങ്കയെ ബാറ്റ് കൊണ്ടും വിറപ്പിച്ചിരിക്കുകയാണ് സിറാജ്. സിറാജിന്റെ പ്രതിഭയില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ടോപ് സ്‌കോററായത് രവിന്ദു രാസന്തയാണ്. 143 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. 66 റണ്‍സ് നേടി നിഷാന്‍ മധുശങ്കയും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ സോനല്‍ ദിനുഷ 52 റണ്‍സും നേടി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതറുമാണ്. മൂവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഗുര്‍ണൂര്‍ ഒരു വിക്കറ്റും നേടി തിളങ്ങി. ബാറ്റിങ്ങില്‍ തിളങ്ങിയത് 142 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ്. ജഡേജ 63 റണ്‍സും കെ.എല്‍ രാഹുല്‍ 40 റണ്‍സും നേടിയിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ലങ്കയ്ക്ക് വേണ്ടി നിഷാന്‍ മധുശങ്ക 63 റണ്‍സ് നേടിയപ്പോള്‍ നിപുന്‍ ധനഞ്ജയ 46 റണ്‍സ് നേടി. 35 റണ്‍സ് നേടി ആന്‍ജല ബന്ധാനയും തിളങ്ങി. ഇന്ത്യയ്ക്കായി ഗുര്‍ണൂര്‍ ബ്രാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. സിറാജും പ്രസിദ്ധും ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി സിറാജിനൊപ്പം വിജയത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ പ്രകടനവുമാണ്. 46 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. പരിക്കിന് ശേഷം കളത്തിലെത്തിയ ക്യാപ്റ്റന്‍ ശുഭമന്‍ ഗില്‍ 54 പന്തില്‍ 44 റണ്‍സ് നേടി.
ലങ്കയ്ക്ക് വേണ്ടി കേശര നുവാന്ത രണ്ട് വിക്കറ്റും രമേശ് മെന്‍ഡിസ്, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ ഒരു വിക്കറ്റും നേടി.
അതേസമയം പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.
റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍.
Content Highlight: Mohammed Siraj’s outstanding performances for India against Sri Lanka