| Tuesday, 11th November 2025, 7:39 pm

പാകിസ്ഥാനെതിരെ 1-1ന് സമനിലയില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളിവിടെ... സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20കളുമടങ്ങിയ ഓള്‍ ഫോര്‍മാറ്റ് ടൂറിനാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം. നവംബര്‍ 14ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ സൗത്ത് ആഫ്രിക്കയുടെ രണ്ടാം പരമ്പരയാണിത്. പാകിസ്ഥാനെതിരെയായിരുന്നു പ്രോട്ടിയാസിന്റെ ആദ്യ
ടെസ്റ്റ് സീരീസ്. സൈക്കിളിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സൗത്ത് ആഫ്രിക്ക, രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയിലെത്തിച്ചു.

സൗത്ത് ആഫ്രിക്ക മികച്ച ടീമാണെന്നും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരായ ഈ പരമ്പര ഏറെ നിര്‍ണായകമാണെന്നും പറയുകയാണ് സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്.

‘പുതിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്, സൗത്ത് ആഫ്രിക്ക ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരാണ് എന്നതിനാല്‍ പ്രത്യേകിച്ചും. പാകിസ്ഥാനെതിരെ അവര്‍ സമനില പാലിച്ചെങ്കിലും ഞങ്ങളുടെ ഫോമില്‍ ടീം ഏറെ ആത്മവിശ്വാസത്തിലാണ്.

ഞങ്ങള്‍ ഒരു പോസിറ്റീവ് അന്തരീക്ഷം ഒരുക്കിയെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കി.

വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാനെന്റെ താളം കണ്ടെത്തിയിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ശക്തമായ ഏതിരാളികളെ നേരിടുന്നത് നമ്മള്‍ മെച്ചപ്പെടുത്തേണ്ട ഏരിയ ഏതെന്ന് മനസിലാക്കാന്‍ സഹായിക്കും. ഈ പരമ്പരയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്,’ ജിയോ ഹോട്‌സ്റ്റാറിലെ ഫോളോ ദി ബ്ലൂസില്‍ സിറാജ് പറഞ്ഞു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാമനാണ് സിറാജ്. 13 ഇന്നിങ്‌സില്‍ നിന്നും 33 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

3.73 എന്ന മികച്ച എക്കോണമിയിലും 26.54 ശരാശരയിലും പന്തെറിയുന്ന താരത്തിന്റ സ്‌ട്രൈക് റേറ്റ് 42.63 ആണ്. ഈ സൈക്കിളില്‍ ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും രണ്ട് ഫോര്‍ഫറുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

Content Highlight: Mohammed Siraj about India vs South Africa Test series

We use cookies to give you the best possible experience. Learn more