| Saturday, 24th January 2026, 7:39 pm

ഗംഭീറും അഗാക്കറും ഇതൊന്നും കാണുന്നില്ലേ; ഫിറ്റ്‌നസില്ലെന്ന് വിധിയെഴുതിയവനിതാ വീണ്ടും അഴിഞ്ഞാടുന്നു!

ഫസീഹ പി.സി.

രഞ്ജി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനവുമായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. സര്‍വീസസിന് എതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സിലും താരം തിളങ്ങിയിരുന്നു.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ സര്‍വീസസ് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഷമി വെസ്റ്റ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചിരുന്നു. ഓപ്പണര്‍ ശുഭം രോഹിലയെ ഡക്കാക്കിയാണ് താരം വിക്കറ്റ് വേട്ട തുടങ്ങിയത്.

ഏറെ വൈകാതെ സര്‍വീസസിന്റെ മൂന്നാം നമ്പറുകാരനെയും ഷമി കൂടാരം കയറ്റി. ഇത്തവണ രവി ചൗഹാനാണ് താരത്തിന് മുന്നില്‍ വീണത്. മുകേഷ് കുമാര്‍ സര്‍വീസസിന്റെ മറ്റൊരു ഓപ്പണര്‍ ഗൗരവ് കൊച്ചാറിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഈ വിക്കറ്റ്.

പിന്നീട് സര്‍വീസസിനായി ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ രജത് പലിവാലും മോഹിത് അഹ്ലാവത്തും മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറി. മുകേഷ് കുമാറെത്തി ഈ കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ഷമി പിന്നെയും വിക്കറ്റ് വേട്ട തുടങ്ങി.

ആദ്യം ഷമിക്ക് മുന്നില്‍ വീണത് വിനീത് ധാന്‍ഖാറായിരുന്നു. പിന്നാലെ, അര്‍ജുന്‍ ശര്‍മയും ഏറെ വൈകാതെ ക്യാപ്റ്റന്‍ രജത് പലിവാലും മടങ്ങി. അര്‍ജുന്‍ വെറും രണ്ട് റണ്‍സെടുത്താണ് പുറത്തായത്.

എന്നാല്‍, അര്‍ധ സെഞ്ച്വറി നേടി ബംഗാളിന് തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കെയാണ് ഷമി സര്‍വീസസ് ക്യാപ്റ്റന്‍ രജതിനെ വീഴ്ത്തിയത്. 160 പന്തില്‍ 83 റണ്‍സെടുത്ത് സര്‍വീസസിന്റെ ടോപ് സ്‌കോററായാണ് താരത്തിന്റെ മടക്കം.

മുഹമ്മദ് ഷമി. Photo: Sudipto Bhattacharya/x.com

സര്‍വീസസ് ക്യാപ്റ്റനെ വീഴ്ത്തി ടീമിന് എട്ടാം വിക്കറ്റും തന്റെ അഞ്ചാം വിക്കറ്റുമാണ് ഷമി പൂര്‍ത്തിയാക്കിയത്. 16 ഓവറുകള്‍ എറിഞ്ഞ് വെറും 51 റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം.

നേരത്തെ ഒന്നാം ഇന്നിങ്‌സിലും ഷമി തിളങ്ങിയിരുന്നു. രണ്ട് വിക്കറ്റാണ് താരം ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഇതാകട്ടെ 16 ഓവറില്‍ വെറും 37 റണ്‍സ് വിട്ടുകൊടുത്തായിരുന്നു.

Content Highlight: Mohammed Shami take 5 wicket haul in Ranji Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more