ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് പ്രതികരണവുമായി സൂപ്പര്‍ താരം മുഹമ്മദ് ഷമി. രഞ്ജി ട്രോഫിക്ക് മുന്നോടിയായാണ് നാഷണല്‍ ജേഴ്‌സിയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് വെറ്ററന്‍ പേസര്‍ തുറന്നുപറഞ്ഞത്.
ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് തന്നെ ബാധിക്കുന്നില്ലെന്നും നിലവില്‍ രഞ്ജി ട്രോഫിയിലാണ് തന്റെ ശ്രദ്ധയെന്നും ഷമി പറഞ്ഞു. തനിക്ക് ഇനി ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അതൊരിക്കലും തന്റെ നഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഷമി. Photo: BCCI/x.com
വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ദല്‍ഹിക്കെതിരെ കളിക്കുന്ന 17 അംഗ ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
‘ഭുവനേശ്വര്‍ കുമാറിന് ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചു, അത് അദ്ദേഹത്തിന് നല്ല കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സെലക്ഷന്‍ എന്നെ ഒട്ടും ബാധിക്കുന്നില്ല. എനിക്ക് എവിടെ അവസരം ലഭിച്ചാലും ഞാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. നിലവില്‍ എന്റെ പൂര്‍ണ ശ്രദ്ധ ഈ രഞ്ജി ട്രോഫി മത്സരത്തിലാണ്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ബംഗാളിനായി കളിച്ച് തന്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ടെന്നും ഷമി ചൂണ്ടിക്കാണിച്ചു.
തുടര്‍ന്ന് ദേശീയ ടീമിലെ അവഗണനയെക്കുറിച്ച് സംസാരിക്കവെ, ‘കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി എനിക്ക് സംഭവിക്കുന്നതും ഇതുതന്നെയാണ്. ഞാന്‍ നിരന്തരം മികച്ച പ്രകടനം കാഴ്ചവെക്കുകയും എന്റെ ഫിറ്റ്നസ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഇനി ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍, അത് എന്റെ നഷ്ടമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് ഷമി
സമീപകാലത്ത് നടന്ന ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിച്ച ഷമി, 3 മത്സരങ്ങളില്‍ നിന്നായി 26.57 ശരാശരിയില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ ആരാധകര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ക്കൂടിയാണ് താരത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
Content Highlight: Mohammed Shami on his comeback to the national team.