| Saturday, 3rd January 2026, 10:32 pm

കൊട്ട നിറയെ റണ്‍സും വിക്കറ്റും; എന്നിട്ടും ബി.സി.സി.ഐയുടെ റഡാറില്‍ പെടാതെ പോകുന്ന താരങ്ങള്‍

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ജനുവരി 11 ന് തുടങ്ങുന്ന പരമ്പരക്കായി 15 അംഗ ടീമിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഏറെ കാലമായി ഇന്ത്യന്‍ സെലക്ടര്‍മാരുടെ റഡാറില്‍ പെടാത്ത പലരും ഈ പരമ്പരയിലൂടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, ടീം വിവരം പുറത്ത് വിട്ടപ്പോള്‍ വലിയ സര്‍പ്രൈസുകള്‍ ഒന്നുമില്ലായിരുന്നു. വീണ്ടും ഇടം നേടിയേക്കുമെന്ന് പ്രതീക്ഷിക്കപെട്ട പലരും ഒരിക്കല്‍ കൂടി തഴയപ്പെട്ടിരിക്കുകയാണ്.

മുഹമ്മദ് ഷമി. Photo: ICC/x.com

ഇങ്ങനെ അവസരം നിഷേധിക്കപ്പെട്ടവരില്‍ പ്രധാനിയാണ് മുഹമ്മദ് ഷമി. താരം സയ്യിദ് മുസ്താഖ് അലി ടൂർണമെന്റിലും, ഇപ്പോള്‍ വിജയ് ഹസാരെയിലും തുടര്‍ച്ചയായി മികച്ച ബൗളിങ്ങുമായി തിളങ്ങിയിട്ടും താരത്തിന്റെ മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്.

വിജയ് ഹസാരെയില്‍ ഷമിയ്ക്ക് 11 വിക്കറ്റുകളാണ് നിലവിലുള്ളത്. മുഷ്താഖ് അലി ട്രോഫിയിലാക്കട്ടെ താരത്തിന് 16 വിക്കറ്റുകളുമുണ്ടായിരുന്നു. എന്നിട്ടും ഫാസ്റ്റ് ബൗളര്‍ മാസങ്ങളായി ഇന്ത്യന്‍ ടീമിന്‌ പുറത്താണ്. താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു.

ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടുന്ന മറ്റൊരു താരമാണ് ദേവദത്ത് പടിക്കല്‍. താരം നിലവിലെ വിജയ് ഹസാരെയില്‍ മിന്നും ഫോമിലാണ്. ഇതുവരെ ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും സെഞ്ച്വറിയുമായാണ് തിരികെ കയറിയത്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ 514 റണ്‍സുമായി ഒന്നാമതാണ്. എന്നിട്ടും താരത്തിന് മുന്നില്‍ സെലക്ടര്‍മാര്‍ കണ്ണടക്കുകയാണ്.

ദേവദത്ത് പടിക്കല്‍. Photo: Johns/x.com

ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. താരവും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുണ്ട്. മുസ്താഖ് അലി ട്രോഫിയില്‍ 517 റണ്‍സും വിജയ് ഹസാരെയില്‍ ഒരു സെഞ്ച്വറിയടക്കം 146 റണ്‍സുമാണ് താരത്തിനുള്ളത്. ടി – 20ക്ക് പിന്നാലെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിനത്തിലേക്ക് താരത്തിന്റെ മാസ് എന്‍ട്രിയുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും നിരാശയാണ് ഫലം.

ഇവരെ കൂടെ തന്നെ ചേര്‍ത്ത് പറയാവുന്ന രണ്ട് പേരുകളാണ് ഋതുരാജ് ഗെയ്ക്വാദും മലയാളി താരം സഞ്ജു സാംസണും. ഇരുവരും ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടാണ് മറ്റൊരു അവസരത്തിനായി കാത്തിരിക്കുന്നത്. ഗെയ്ക്വാദ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലാണ് സെഞ്ച്വറി നേടിയത്. പ്രോട്ടിയാസിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഗെയ്ക്വാദ് 83 പന്തില്‍ 105 റണ്‍സാണ് സ്‌കോര്‍ ചെയ്തിരുന്നത്.

Photo: BCCI/x.com

സഞ്ജുവും അവസാനമായി ഏകദിനത്തില്‍ കളിച്ചതും സെഞ്ച്വറി നേടിയതും സൗത്ത് ആഫ്രിക്കക്ക് എതിരെ തന്നെയാണ്. എന്നാലത് 2023 ഡിസംബറിലായിരുന്നു. ആ പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും താരം രണ്ട് വര്‍ഷമായി ടീമിന് പുറത്താണ്.

Content Highlight: players like Mohammed Shami, Ishan kishan, Devdutt Padikkal, Ruturaj Gaikwad and Sanju Samson have no place in India’s ODI team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more