സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സര്‍വീസസിനെതിരെ തകര്‍പ്പന്‍ വിജയമാണ് ബംഗാള്‍ സ്വന്തമാക്കിയത്. ജിംഖാന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗാള്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ സര്‍വീസസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് 18.2 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സര്‍വീസസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 15.1 ഓവറില്‍ 167 റണ്‍സ് നേടി പുറത്താകുകയായിരുന്നു.
മത്സരത്തില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് സര്‍വീസസ് പെട്ടന്ന് പുറത്തായത്. 13 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.
താരത്തിന്റെ മിന്നും പ്രകടനം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ഒരു മുന്നറിയിപ്പാണെന്നാണ് ആരാധകരുടേയും ക്രിക്കറ്റ് നിരീക്ഷകരുടേയും വിലയിരുത്തല്‍.
ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടിക്കാട്ടി നിരന്തരം ദേശീയ ടീമില്‍ നിന്ന് ഷമിയെ സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനം. 3.2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി നാല് വിക്കറ്റെടുത്തത്. മാത്രമല്ല മത്സരത്തിലെ താരവും ഷമിയാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന ഷമിയെ സെലക്ടര്‍മാര്‍ തങ്ങളുടെ റഡാറില്‍ കൊണ്ടുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി 2023 ലോകകപ്പിലെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടി തിളങ്ങിയതിന് പിന്നാലെയാണ് ഷമി പരിക്കിന്റെ പിടിയിലാകുന്നത്. ഏറെ കാലം കളത്തില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചുവരവില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്.
മത്സരത്തില്‍ 22 പന്തില്‍ 38 റണ്‍സ് അടിച്ച മോഹിത് അഹ്‌ലാവത് ആണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. അതേസമയം 29 പന്തില്‍ 56 റണ്‍സെടുത്ത അഭിഷേക് പോറലും 37 പന്തില്‍ 58 റണ്‍സടിച്ച ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനുമാണ് ബംഗാളിന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്തായശേഷം 19 പന്തില്‍ 36 റണ്‍സെടുത്ത യുവരാജ് കേശ്വാനിയും അഞ്ച് പന്തില്‍ 14 റണ്‍സെടുത്ത ആകാശ് ദീപും ചേര്‍ന്ന് ബംഗാളിന്റെ വിജയം ഉറപ്പാക്കി.
Content Highlight: Mohammed Shami In Great Performance in Syed Mushtaq Ali Trophy