ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങിയ ഇന്ത്യയുടെ വെള്ള ജഴ്‌സിയിലെ കരിയറിലെ മറക്കാനാകാത്ത ഒരു പിടി ഓര്‍മകള്‍ ബാക്കി വെച്ചുകൊണ്ടാണ് ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാള്‍ മടങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അരങ്ങേറ്റം കുറിച്ച ദിവസം തന്നെ ഷമി തന്റെ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.
2013 നവംബര്‍ ആറിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 279ാമനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ മത്സരം കളിച്ച ഷമി ഒമ്പത് വിക്കറ്റ് നേടി തന്റെ അരങ്ങേറ്റം സംഭവബഹുലമാക്കി. ഓവലില്‍ നടന്ന 2023ലെ ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് 36കാരനായ ഷമി തന്റെ അവസാനമത്സരം കളിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.
ഇന്ത്യയ്ക്കായി 64 മത്സരങ്ങളില്‍ നിന്നായി 229 വിക്കറ്റുകള്‍ അദ്ദേഹം നേടിയാണ് ഷമി പടിയിറങ്ങുന്നത്.
‘വെള്ള ജഴ്‌സിയോട് ഞാന്‍ വിട പറയുകയാണ്, പക്ഷേ, അതുമായി ബന്ധപ്പെട്ട ഓര്‍മകളോടല്ല. ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സി അണിഞ്ഞപ്പോള്‍ എനിക്ക് ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ- എന്റെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക. അന്നുമുതല്‍ ഓരോ വിക്കറ്റും, ഓരോ പോരാട്ടവും, ഓരോ പരിക്കും, ഓരോ തിരിച്ചുവരവും എന്നെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ട്,’ ഷമി പറഞ്ഞു.
ആധുനിക കാലഘട്ടത്തിലെ ഇന്ത്യയുടെ ഏറ്റവും മാരകവും വിജയകരവുമായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് ഷമി വിടവാങ്ങുന്നത്. കുറ്റമറ്റ സീം പൊസിഷനും ഏത് പിച്ചിലും മൂവ്‌മെന്റ് കണ്ടെത്താനുള്ള കഴിവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഏകദേശം ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം.
കരിയറില്‍ ആറ് തവണ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം ഷമി കാഴ്ചവെച്ചിട്ടുണ്ട്. 2018ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 56/6 ആണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 200 വിക്കറ്റ് നേടുന്ന പേസറാണ് ഷമി.
തന്റെ പ്രസ്താവനയില്‍, നിരന്തരമായ പിന്തുണയ്ക്ക് ബി.സി.സി.ഐയ്ക്കും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിനും അദ്ദേഹം നന്ദി പറഞ്ഞു.
”എന്റെ അവസാന ടെസ്റ്റ് പന്ത് കളത്തില്‍ എറിഞ്ഞുകഴിഞ്ഞെങ്കിലും, ഇന്ത്യയ്ക്കായി കളിച്ചതിലെ അഭിമാനം എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്,’ ഷമി തന്റെ വിടവാങ്ങല്‍ വീഡിയോയില്‍ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷമി മത്സരശേഷം താന്‍ ഒരു നല്ല ബൗളറല്ല എന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട ഇടവേളയെക്കുറിച്ച ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പരിഹാസരൂപത്തിലുള്ള പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷ അദ്ദേഹം പലപ്പൊഴും പങ്കുവെച്ചിരുന്നു.
ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും പേസര്‍മാരെ മാറി മാറി പരീക്ഷിക്കുമ്പോഴും ദേശീയടീമിലേക്ക് ഷമിയെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും ഷമിയെ ഒഴിവാക്കിയതില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നെസിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ സംശയം ഉന്നയിച്ചിരുന്നു.
അന്ന് ഫിറ്റ് അല്ലായിരുന്നുവെങ്കില്‍ താന്‍ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ കളിക്കുമായിരുന്നോ എന്ന് ഷമി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഏതെങ്കിലും ഫോര്‍മാറ്റില്‍ ഷമി ഇന്ത്യയ്ക്ക വേണ്ടി അവസാനമായി കളിച്ചത്.
നിലവില്‍ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുകയാണ് ഷമി. മൂന്ന് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.
ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവിളി ഷമി അര്‍ഹിച്ചിരുന്നു. അതിലേറെ ആരാധകര്‍ അത് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി എല്ലാം നല്‍കിയിട്ടും അവഗണന നേരിട്ടവരുടെ പട്ടികയിലേക്ക് ഷമിയും ഇടം പിടിക്കുകയാണ്.
Content HIghlight: Mohammed Shami announces retirement from Test cricket.