ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് ക്വാളിഫിക്കേഷനില്‍ മവാലിക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഈജിപ്ത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഈജിപ്ത്തിന്റെ വിജയം.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ മുഹമ്മദ് സലയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ഈജിപ്ത് വമ്പന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു സലയുടെ രണ്ട് ഗോളുകളും പിറന്നത്. ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും സലയ്ക്ക് സാധിച്ചിരിക്കുകയാണ്. ഈജിപ്ത്തിന് വേണ്ടി അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനാണ് സലയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം ഹൊസം ഹസനെ മറികടന്നാണ് താരം ഒന്നാമനായത്.
(താരം, ഗോളുകള്‍, മത്സരങ്ങള്‍ എന്ന ക്രമത്തില്‍)
മുഹമ്മദ് സല – 70 – 123
ഹൊസം ഹസന് – 69 – 178
ഹസന് എല്ഷസ്ലി – 49 – 64
മുഹമ്മദ് അബൂ ത്രൈക – 38 – 100
അഹമ്മദ് ഹസന് – 33 – 184
അതേസമയം മത്സരത്തില്‍ ആറാം മിനിട്ടിലാണ് ഈജിപ്ത് മത്സരത്തില്‍ ആദ്യ ഗോള്‍ നേടുന്നത്. നാസര്‍ മഹറാണ് ആദ്യ ഗോള്‍ നേടിയത്. 10ാം മിനിട്ടില്‍ ഒമര്‍ മര്‍മൗഷ് ടീമിന് വേണ്ടി ലീഡ് നേടി. 38ാം മിനിട്ടില്‍ മുഹമ്മദ് ഹാനിയിലൂടെ ഈജിപ്ത് വീണ്ടും ഗോള്‍ നിലയുയര്‍ത്തി. തുടര്‍ന്ന് 84ാം മിനിട്ടിലാണ് സൂപ്പര്‍ താരം സലയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. പിന്നീട് മത്സരത്തിലെ അധിക സമയത്ത് (90+5) പെനാല്‍റ്റിയിലൂടെയും സല ഗോള്‍ സ്വന്തമാക്കി ഈജിപ്ത്തിന്റെ ചരിത്രത്തില്‍ ഒന്നാമനായി ഇടം നേടി.
2011ല്‍ ഈജിപ്ത്തിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ് സല. ഈ സീസണില്‍ ഇതുവരെ ലീഗില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
മുഹമ്മദ് സല
ലിവര്‍പൂളിനൊപ്പമുള്ള ഒമ്പത് വര്‍ഷത്തെ കാലയളവില്‍ പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മുഹമ്മദ് സലാഹ് മാറി. 191 ഗോളുകളാണ് അദ്ദേഹം നേടിയത്. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തങ്ങള്‍ നേടിയ താരമെന്ന റെക്കോഡും സലായുടെ പേരിലാണ്. ലിവര്‍പൂളിനായി 277 ഗോള്‍ പങ്കാളിത്തങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്.
2026 ആഗസ്റ്റ് അഞ്ചിന് സല ലിവര്‍പൂളില്‍ നിന്ന് തുര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ട്രാബ്സോണ്‍സ്പോറിലേക്ക് മാറുകയായിരുന്നു. മാത്രമല്ല തുര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോള്‍ പങ്കാളിത്തങ്ങള്‍ (ഗോളുകളും അസിസ്റ്റുകളും) നേടുന്ന ആദ്യ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി കഴിവ് തെളിയിച്ചു.
Content Highlight: Mohammed Salah Become The Top Scorer Of Egypt International Football Team