| Wednesday, 3rd September 2025, 4:08 pm

പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ പിഴുത് രണ്ടാമന്‍; ഐക്കോണിക്ക് ഡബിളുമായി നബി

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടി ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഇതിഹാസം മുഹമ്മദ് നബി. അന്താരാഷ്ട്ര ടി – 20യില്‍ ക്രിക്കറ്റില്‍ 2000 റണ്‍സും 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം താരമായിരിക്കുകയാണ് അഫ്ഗാന്‍ ബൗളര്‍. ത്രിരാഷ്ട്ര പരമ്പരയില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

ബംഗ്ലാദേശ് ഓള്‍ റൗണ്ടറായ ഷാക്കിബ് അല്‍ ഹസനാണ് മുമ്പ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. താരത്തിന് അന്താരാഷ്ട്ര ടി – 20യില്‍ 2551 റണ്‍സും 149 വിക്കറ്റുകളുമാണുള്ളത്.

പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ പിഴുത്തതോടെയാണ് നബി ഈ ഐക്കോണിക്ക് ടേബിളില്‍ തന്റെ പേരെഴുതിയത്. മത്സരത്തില്‍ ഫഖര്‍ സമാനിന്റെയും മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഈ സുവര്‍ണ നേട്ടം. താരത്തിന് നിലവില്‍ 2240 റണ്‍സും 100 വിക്കറ്റുകളുമാണുള്ളത്.

അതേസമയം, മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ പാകിസ്ഥാന്റെ അപരാജിത കുതിപ്പിന് അന്ത്യമിട്ട് 18 റണ്‍സിന്റെ വിജയമാണ് ടീം നേടിയെടുത്തത്. ഇബ്രാഹിം സദ്രാനിന്റെയും സെദിഖുള്ള അടലിന്റെയും കരുത്തിലാണ് ടീമിന്റെ വിജയം.

ടീമിനായി സദ്രാനും അടലും അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. സദ്രാന്‍ 45 പന്തില്‍ 65 റണ്‍സും അടല്‍ 45 പന്തില്‍ 64 റണ്‍സും സ്വന്തമാക്കി. മറ്റാരും മികച്ച ബാറ്റിങ് പുറത്തെടുത്തില്ലെങ്കിലും ടീമിന് വിജയിക്കാനായി. ഇവരുടെ പ്രകടനത്തില്‍ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്റെ പോരാട്ടം ഒമ്പത് വിക്കറ്റിന് 151ല്‍ അവസാനിച്ചു. പത്താമനായി ബാറ്റിങ്ങിനെത്തി ഹാരിസ് റൗഫ് ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോരാട്ടം വിഫലമായി. താരം 16 പന്തില്‍ പുറത്താവാതെ 34 റണ്‍സാണ് നേടിയത്. 25 റണ്‍സ് നേടിയ ഫഖാര്‍ സമാനും 20 റണ്‍സ് അടിച്ച സല്‍മാന്‍ അലി ആഘായുമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Content Highlight: Mohammed Nabi completed 2000 runs and 100 wickets in T20I after Shakib Al Hassan

We use cookies to give you the best possible experience. Learn more