| Saturday, 19th September 2026, 8:45 am

സ്ഥാനത്തിനായുള്ള മത്സരം അത്രത്തോളം കടുത്തതാണ്, അവന്‍ തൊട്ടുപിന്നിലുണ്ട്: മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയതിന് പിന്നാലെയാണ് കൈഫ് അഭിഷേകിനെ പ്രശംസിച്ച് രംഗത്ത് വന്നത്.

ഇന്ത്യന്‍ ടീമില്‍ സ്ഥാനത്തിനായുള്ള മത്സരം അത്രത്തോളം കടുത്തതാണെന്നും 15 വയസുള്ള വൈഭവ് സൂര്യവംശി തൊട്ടുപിന്നില്‍ തന്നെയുള്ളപ്പോള്‍ അഭിഷേക് വലിയ സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു ഫുള്‍ മെംബര്‍ രാജ്യത്തിലെ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിതെന്നും അതും റാഷിദ് ഖാന്‍ മുഹമ്മദ് നബി തുടങ്ങിയ മികച്ചൊരു ബൗളിങ് നിരയ്ക്കെതിരെയാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

വൈഭവ് സൂര്യവംശി

‘സ്ഥാനത്തിനായുള്ള മത്സരം അത്രത്തോളം കടുത്തതാണ്. വൈഭവ് സൂര്യവംശി തൊട്ടുപിന്നില്‍ തന്നെയുണ്ട്. 15 വയസുള്ള മികച്ച താരം ബെഞ്ചിലിരിക്കുമ്പോള്‍, അഭിഷേക് ശര്‍മ അനുഭവിച്ച സമ്മര്‍ദം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. എന്നാല്‍ ശര്‍മ തിരിച്ചുവന്ന് നടത്തിയ പ്രത്യാക്രമണം പ്രശംസനീയമാണ്.

30 പന്തില്‍ സെഞ്ച്വറി. ഒരു ഫുള്‍ മെംബര്‍ രാജ്യത്തിലെ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. അതും മികച്ചൊരു ബൗളിങ് നിരയ്ക്കെതിരെ. അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് നിര തിളങ്ങിയില്ലെങ്കിലും ബൗളിങ് യൂണിറ്റില്‍ ടി-20 ക്രിക്കറ്റില്‍ 700ലധികം വിക്കറ്റുകളുള്ള റാഷിദ് ഖാനുണ്ട്. മുഹമ്മദ് നബിയും ഈ ഫോര്‍മാറ്റില്‍ നിരവധി വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ്.

എതിരാളികളുടെ ബൗളിങ് ആക്രമണത്തെ ആധിപത്യത്തോടെ നേരിടുകയും, നേരെ ഗ്രൗണ്ടിലൂടെ സിക്സുകള്‍ പറത്തുകയും, സമ്മര്‍ദത്തിനിടയിലും മികച്ച പ്രകടനം നടത്തുകയും ചെയ്തത് പ്രശംസ അര്‍ഹിക്കുന്ന കാര്യമാണ്,’ കൈഫ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തിലും വിജയിച്ച് ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 കൂറ്റന്‍ സിക്സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. ബൗണ്ടറികളില്‍ നിന്ന് മാത്രം അഭിഷേക് അടിച്ചെടുത്തത് 102 റണ്‍സാണ്.

പരമ്പയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സാണ് അഭിഷേക് നേടിയത്. 76.33 ആവറേജില്‍ ബാറ്റ് വീശിയ താരത്തിന് 269.41 സ്ട്രൈക്ക് റേറ്റുമുണ്ട്. അഭിഷേക് തന്നെയായിരുന്നു പരമ്പയിലെ താരവും. ഇതിനെല്ലാം പുറമെ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ അതിവേഗ സെഞ്ച്വറി നേടിയതടക്കമുള്ള ഒട്ടനവധി റെക്കോഡുകളും അഭിഷേക് സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Mohammed Kaif Talking About Vaibhav Suryavanshi And Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more