| Saturday, 31st October 2026, 9:04 pm

ഇങ്ങനെയൊരു സാഹചര്യമാണെങ്കില്‍ ഇഷാന്‍ കിഷനും കളിക്കേണ്ടതില്ലായിരുന്നു; വൈഭവിന്റെ കാര്യത്തില്‍ തുറന്നടിച്ച് കൈഫ്

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തി. എന്നാല്‍ ആദ്യ മൂന്ന് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നാലാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാമായിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

കിവീസിനെതിരെ മൂന്നാം മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയ വൈഭവിന് നാലാം മത്സരത്തില്‍ ടീമിലെടുക്കാത്തത് കാരണം ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതായിരുന്നു. എന്നാല്‍ ഇഷാന്‍ മത്സരത്തില്‍ പൂര്‍ണമായി ഫിറ്റ് അല്ലാതിരുന്നതിനാലാണ് കീപ്പിങ് മാത്രം ചെയ്തതെന്നും അതുകൊണ്ടുതന്നെ വൈഭവിന് അവസരം നല്‍കാമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

‘ഈ മത്സരത്തില്‍ വൈഭവിനെ കളിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. പരമ്പര നിങ്ങള്‍ ഇതിനകം ജയിച്ചിരുന്നു. എന്നാല്‍ പരമ്പരയിലെ സാഹചര്യം കൂടി പരിഗണിക്കണമായിരുന്നു. ഒരു വശത്ത് ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി പുതിയ താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് നിങ്ങള്‍ പറയുന്നു. വൈഭവും പുതിയ താരമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അതേ പരിഗണന വൈഭവിന് നല്‍കിയില്ല?

പക്ഷെ അവന് കളിക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിരുന്നുയിരുന്നു. ഇഷാന്‍ തിരിച്ചെത്തി വിക്കറ്റ് കീപ്പിങ്ങും ചെയ്തു. ഓടിനടക്കാന്‍ ആവശ്യമായ പൂര്‍ണ ഫിറ്റ്‌നസ് ഇഷാന് അപ്പോഴും ഉണ്ടായിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടായിരിക്കാം അദ്ദേഹം കീപ്പിങ് മാത്രം ചെയ്തത്. ഇങ്ങനെയൊരു സാഹചര്യമാണെങ്കില്‍ ഇഷാന്‍ കിഷനും കളിക്കേണ്ടതില്ലായിരുന്നു. ഇതൊരു മസ്റ്റ് വിന്നിങ് മാച്ചായിരുന്നില്ല,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പയിലെ മൂന്നാം മത്സരത്തില്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇഷാന്‍ കിഷന് പകരം ഓപ്പണറായ സഞ്ജുവിനെ മൂന്നാമനായി ഇറക്കിയായിരുന്നു ഇന്ത്യ ഇന്ത്യയുടെ പരീക്ഷണം. മത്സരത്തില്‍ അഭിഷേക് 113 റണ്‍സ് നേടിയപ്പോള്‍ വൈഭവ് 45 റണ്‍സുമാണ് സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 133 റണ്‍സായിരുന്നു ഇരുവരും അടിച്ചെടുത്തത്.

എന്നാല്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന സഞ്ജു, അഭിഷേക്, വൈഭവ്, ഇഷാന്‍ എന്നിവര്‍ മികച്ച ഫോമിലാണെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമെ ഇലവനില്‍ ഇടം പിടിക്കാനാകൂ എന്നത് മാനേജ്മെന്റിനും വലിയ തലവേദനയാണ്.

Content Highlight: Mohammed Kaif Talking About Vaibhav Sooryavanshi
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more