| Thursday, 12th November 2026, 4:08 pm

ധോണിയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല! വിരമിക്കലിനെക്കുറിച്ച് സംസാരിച്ച് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാകുകയാണ്. ഇതേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ധോണിയുടെ ഭാവിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായി അറിയില്ലെന്നും കഴിഞ്ഞ വര്‍ഷം താരം കളിക്കുമെന്ന് കരുതിയിരുന്നെങ്കിലും ധോണി കളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സഞ്ജുവിനെ ടീമിലെത്തിച്ചതിലൂടെ ധോണിക്ക് ശേഷമുള്ള കാലത്തേക്കുള്ള ഒരുക്കങ്ങള്‍ ചെന്നൈ ആരംഭിച്ചുകഴിഞ്ഞെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

‘ധോണി എപ്പോഴാണ് തന്റെ തീരുമാനങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുള്ളത്? അങ്ങനെയിരിക്കെ ഡിസംബറില്‍ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് നമുക്ക് എങ്ങനെ പറയാനാകും? ഇപ്പോള്‍ അങ്ങനെ പറഞ്ഞിട്ടുങ്കിലും അത് ചെയ്യണമെന്നില്ല. കഴിഞ്ഞ വര്‍ഷം ധോണിക്ക് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു.

എന്നാല്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന പ്രതീക്ഷ നല്‍കുന്ന തരത്തില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ പുറത്തുവരുമായിരുന്നു. പക്ഷേ അദ്ദേഹം കളിച്ചില്ല. ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഐ.പി.എല്‍ സീസണ്‍ മുഴുവന്‍ കടന്നുപോയിട്ടും അദ്ദേഹത്തെ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതുപോലുമില്ല.

ധോണിയുടെ മാതാപിതാക്കള്‍ പോലും അന്ന് മത്സരം കാണാനെത്തിയിരുന്നു. അതോടെ അതായിരിക്കും അദ്ദേഹത്തിന്റെ അവസാന മത്സരമെന്ന് തോന്നുകയും ചെയ്തു. പക്ഷേ ധോണിയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ആര്‍ക്കും!

അതുകൊണ്ട് കാത്തിരുന്ന് കാണുകയല്ലാതെ നമുക്ക് മറ്റ് വഴികളില്ല. ധോണിയുടെ കരിയറിന്റെ അവസാനഘട്ടം അടുത്തെത്തിയെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിനും അത് അറിയാം. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നോട്ടുപോയേ മതിയാകൂ. സഞ്ജുവിനെ ടീമിലെത്തിച്ചതിലൂടെ അവര്‍ അതിനുള്ള നീക്കവും നടത്തിക്കഴിഞ്ഞു,’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2026 ഐ.പി.എല്‍ സീസണില്‍ ധോണിയെ സി.എസ്.കെ നിലനിര്‍ത്തിയെങ്കിലും കാലിനേറ്റ പരിക്ക് കാരണം 45 കാരന് സീസണ്‍ മുഴുവന്‍ നഷ്ടമായിരുന്നു. 2025ല്‍ ടീമിലുണ്ടായിട്ടും കാര്യമായ സംഭാവനകളൊന്നും ധോണിക്ക് ടീമിനായി നല്‍കാന്‍ കഴിഞ്ഞില്ല. 13 ഇന്നിങ്സുകളില്‍ നിന്ന് 196 റണ്‍സ് മാത്രമാണ് നേടിയത്. 24.5 ബാറ്റിങ് ശരാശരിയും 135.17 സ്ട്രൈക്ക് റേറ്റുമാണ് സീസണില്‍ ധോണിക്കുള്ളത്. ഇതുവരെയുള്ള ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്.

അഞ്ച് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 2023ലെ അഞ്ചാം വിജയത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് വിട്ടുകൊടുത്തു. നിലവില്‍ താരത്തിന്റെ പിന്‍ഗാമിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണയും ചെന്നൈ ടീമില്‍ എത്തിച്ചിട്ടുണ്ട്.

Content Highlight: Mohammed Kaif Talking About M.S. Dhoni’s Future In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more