| Saturday, 7th March 2026, 7:37 pm

അഭിഷേകിന് വിശ്രമം നല്‍കണം; ഫൈനലില്‍ കളിക്കേണ്ടത് മറ്റൊരു താരമെന്ന് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഭിഷേക് ഒരുപാട് മത്സരങ്ങള്‍ കളിച്ചെന്നും ഇനി ടീമില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അഭിഷേകിന് പകരക്കാരനായി റിങ്കു സിങ്ങിനെ ഇന്ത്യ കളത്തിലിറക്കണമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

‘ഫൈനലില്‍ അഭിഷേക് ശര്‍മയ്ക്ക് ഇന്ത്യ വിശ്രമം നല്‍കണം. അഭിഷേക് ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റില്ല. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി സ്വയം തെളിയിച്ച താരങ്ങളുണ്ട്. ഐ.പി.എല്‍, ടെസ്റ്റ്, രഞ്ജി ട്രോഫി എന്നീ ടൂര്‍ണമെന്റിലെല്ലാം റിങ്കു സിങ് റണ്‍സ് നേടിയിട്ടുണ്ട്.

അഭിഷേക് ശര്‍മയ്ക്ക് പകരം ആര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്നത് നിങ്ങള്‍ക്ക് ഡഗൗട്ടിലേക്ക് നോക്കിയാല്‍ മനസിലാവും. അവിടെ റിങ്കു സിങ് എന്നൊരാള്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തെ അഭിഷേകിന് പകരം കളത്തിലിറക്കൂ. ഒരാള്‍ മോശം ഫോമില്‍ ബുദ്ധിമുട്ടുമ്പോള്‍ മറ്റൊരാള്‍ നന്നായി കളിച്ചിട്ടും പുറത്ത് ഇരിക്കുന്നു,’ കൈഫ് പറഞ്ഞു.അഭിഷേക് ശര്‍മ

ടൂര്‍ണമെന്റില്‍ അഭിഷേക് ശര്‍മ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 12.71 എന്ന ആവറേജില്‍ 89 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 55 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി പൂജ്യം റണ്‍സിന് താരം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 8.00 എന്ന ആവറേജില്‍ 24 റണ്‍സാണ് നേടിയത്. ഫിനിഷര്‍ റോളിലാണ് റിങ്കു ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്.

റിങ്കു സിങ്

അതേസമയം നാളെ (മാര്‍ച്ച് എട്ടിന്) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ അഭിഷേക് തന്നെയാകും പ്ലെയിങ് ഇലവനില്‍ സ്ഥാന നേടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഒരുങ്ങുമ്പോള്‍ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കരുത്തരായ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനല്‍ ടിക്കറ്റ് എടുത്തത്.

Content Highlight: Mohammed Kaif Talking About Abhishek Sharma And Rinku Singh

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more